Asianet News MalayalamAsianet News Malayalam

'പ്രളയത്തിന്റെ മറവില്‍ മണല്‍ക്കൊള്ള'; മുഖ്യമന്ത്രിയുടെ പിന്തുണയോടെ മണല്‍മാഫിയ സജീവമാകുന്നുവെന്ന് മുല്ലപ്പള്ളി

പമ്പത്രിവേണിയിലെ മണലെടുപ്പ്, ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം, ഡാമുകളിലേയും പുഴകളിലേയും മണലെടുക്കാനുള്ള അനുമതി ഉള്‍പ്പെടെയുള്ള നീക്കം അഴിമതിക്ക് കളമൊരുക്കുകയാണ്

sand mafia become strong with the help of cm alleges mullappally ramachandran
Author
Thiruvananthapuram, First Published Jun 3, 2020, 8:20 PM IST

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനം അട്ടിമറിച്ചും വനംമന്ത്രിയെ നോക്കുകുത്തിയാക്കിയും പ്രളയത്തിന്റെയും കൊവിഡിന്റെയും മറവില്‍ നടന്ന വന്‍ കൊള്ളയാണ് മണല്‍ക്കടത്തെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പമ്പത്രിവേണിയിലെ മണലെടുപ്പ്, ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം, ഡാമുകളിലേയും പുഴകളിലേയും മണലെടുക്കാനുള്ള അനുമതി ഉള്‍പ്പെടെയുള്ള നീക്കം അഴിമതിക്ക് കളമൊരുക്കുകയാണ്.

മുഖ്യമന്ത്രിയുടേയും വ്യവസായമന്ത്രിയുടേയും പിന്തുണയോടെ സംസ്ഥാനത്ത് വീണ്ടും മണല്‍മാഫിയ സജീവമാകുന്നു. പ്രളയം നേരിടാനെന്ന വ്യാജേന പുഴകളിലെ മണ്ണ് ധൃതിപിടിച്ച് നീക്കുന്നത് സംശയാസ്പദമാണ്. വനംവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പമ്പത്രിവേണിയിലെ മണല്‍ക്കടത്ത്.

ഒരു ലക്ഷം മെട്രിക് ടണ്‍ മണലാണ് ഇവിടെയുള്ളത്. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗം സി കെ ഗോവിന്ദന്‍ ചെയര്‍മാനായ കണ്ണൂര്‍ ആസ്ഥാനമായ കമ്പനിയ്ക്ക് സൗജന്യമായി മണലെടുക്കാനാണ് ഇപ്പോള്‍ അനുമതി നല്‍കിയത്. മുന്‍ ചീഫ് സെക്രട്ടറി വിരമിക്കുന്നതിന് തൊട്ടുമുന്‍പ് ഹെലികോപ്ടര്‍ മാര്‍ഗം എത്തിയാണ് മണലെടുപ്പിന് ഉത്തരവ് നല്‍കിയത്. ഇതിലൂടെ കണ്ണൂരുകാരായ മുഖ്യമന്ത്രിയുടെയും വ്യവസായമന്ത്രിയുടേയും താല്‍പ്പര്യം വ്യക്തമാണ്.

ഈ ഇടപാടിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. തോട്ടപ്പള്ളിയിലും സമാന ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയത്. പ്രളയത്തില്‍ നിന്ന് കുട്ടനാടിനെ രക്ഷിക്കാനെന്ന് ചൂണ്ടിക്കാട്ടിയാണ് കരിമണല്‍ ഖനനത്തിന് ഒത്താശ നല്‍കിയത്.  രണ്ട് ലക്ഷം ടണ്‍മണലാണ് പൊഴിമുഖത്ത് നിന്നും കൊണ്ടുപോകാനാണ് കെഎംഎഎല്ലിന് അനുമതി നല്‍കിയിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Follow Us:
Download App:
  • android
  • ios