Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിതനായ ബ്രിട്ടന്‍ സ്വദേശി മൂന്നാറില്‍ നിന്ന് കടന്നുകളഞ്ഞ സംഭവം; സര്‍ക്കാരിനെതിരെ സന്ദീപ് ജി വാര്യര്‍

വിദേശികളെ റൂമിനുള്ളിൽ തന്നെ പാർപ്പിക്കണം എന്ന് പതിമൂന്നാം തീയതി സര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാനത്തെ ഹോട്ടല്‍ ഉടമകള്‍ക്ക് നല്‍കിയിരുന്നു. ഈ ഉത്തരവ് നൽകിയ സർക്കാർ, സ്വന്തം ഉടമസ്ഥതയിലുള്ള മൂന്നാറിലെ കെടിഡിസി ഹോട്ടലിൽ നിന്ന് ബ്രിട്ടീഷ് പൗരൻ കൊച്ചിയിലെത്തി വിമാനം കയറിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറും

Sandeep G Varier against LDF government in covid confirmed foreign tourist skips isolation in munnar
Author
Thiruvananthapuram, First Published Mar 15, 2020, 9:03 PM IST

കൊറോണ: കൊവിഡ് ബാധിതനായ ബ്രിട്ടൺ സ്വദേശിയും സംഘവും മൂന്നാറിൽ നിന്ന് അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്ന് കളഞ്ഞ സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍. വിദേശികളെ റൂമിനുള്ളിൽ തന്നെ പാർപ്പിക്കണം എന്ന് പതിമൂന്നാം തീയതി സര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാനത്തെ ഹോട്ടല്‍ ഉടമകള്‍ക്ക് നല്‍കിയിരുന്നു. ഈ ഉത്തരവ് നൽകിയ സർക്കാർ, സ്വന്തം ഉടമസ്ഥതയിലുള്ള മൂന്നാറിലെ കെടിഡിസി ഹോട്ടലിൽ നിന്ന് ബ്രിട്ടീഷ് പൗരൻ കൊച്ചിയിലെത്തി വിമാനം കയറിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറുമെന്ന് സന്ദീപ് ജി വാര്യര്‍ ചോദിക്കുന്നു. 

സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ബ്രിട്ടീഷ് പൗരൻ മൂന്നാറിൽ നിന്ന് കൊച്ചിയിലെത്തി വിമാനത്തിൽ കയറിയതിൽ സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത തെളിയിക്കുന്ന രേഖയാണ് പുറത്തുവിടുന്നത്. വിദേശികളെ റൂമിനുള്ളിൽ തന്നെ പാർപ്പിക്കണം എന്ന് പതിമൂന്നാം തീയതി സംസ്ഥാനത്തെ ഹോട്ടൽ ഉടമകൾക്ക് നൽകിയ ഉത്തരവാണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ഉത്തരവ് നൽകിയ സർക്കാർ , സ്വന്തം ഉടമസ്ഥതയിലുള്ള മൂന്നാറിലെ കെടിഡിസി ഹോട്ടലിൽ നിന്ന് ബ്രിട്ടീഷ് പൗരൻ കൊച്ചിയിലെത്തി വിമാനം കയറിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറും? കടകംപള്ളി സുരേന്ദ്രന് എങ്ങനെ ഇത് ടൂറിസം വകുപ്പിൻറെ വീഴ്ചയല്ല എന്ന് അവകാശപ്പെടാൻ കഴിയും?

രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ ആരോഗ്യ വകുപ്പിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും പ്രത്യേക നിരീക്ഷണത്തിലായിരുന്നു ബ്രിട്ടണില്‍ നിന്നുള്ള വിദേശ വിനോദ സഞ്ചാരികളുടെ സംഘം. ഇത്തരത്തിൽ കര്‍ശന നിരീക്ഷണത്തിൽ കഴിയവെ തന്നെയാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് സംഘം നെടുമ്പാശേരിയിൽ എത്തിയത്. 

ഐസൊലേഷനിൽ കഴിയുന്ന രോഗിയേയും സംഘത്തേയും ഹോട്ടലിൽ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയത് സ്വകാര്യ വാഹനത്തിലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സ്വകാര്യ ട്രാവൽ ഏജന്‍റ് ഒത്താശ ചെയ്തെന്ന വിവരവും ജില്ലാ ഭരണകൂടത്തിന് ഉണ്ട്. 

മൂന്നാര്‍ ടൗണിൽ കെടിഡിസിയുടെ ഉടമസ്ഥതയിലുള്ള ടി കൗണ്ടി ഹോട്ടലിലാണ് സംഘം താമസിച്ചിരുന്നത്. ആറാം തീയതി കൊച്ചിയിലെത്തിയ സംഘം പത്തിനാണ് മൂന്നാറിലെത്തിയത്. ടാറ്റ ആശുപത്രിയിൽ പനിയടക്കമുള്ള രോഗ ലക്ഷണങ്ങൾക്ക് ചികിത്സയിലായിരുന്നപ്പോള്‍ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് സാമ്പിൾ ശേഖരണം നടത്തി ഹോട്ടലിൽ തിരികെ എത്തിച്ച് നിരീക്ഷണത്തിൽ വക്കുകയായിരുന്നു. സബ് കളക്ടര്‍ പലതവണ ഹോട്ടൽ അധികൃതരെ ബന്ധപ്പെട്ട് ഒരു കാരണവശാലും പുറത്ത് വിടരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. 

നാട്ടിൽ പോകണമെന്ന് ബഹളം വച്ച വിദേശിയും സംഘവും കൊച്ചിയിലേക്ക് കടക്കുകയായിരുന്നു എന്നാണ് ഹോട്ടൽ അധികൃതര്‍ പറയുന്നത്. രണ്ടാം പരിശോധനാ ഫലം പൊസിറ്റീവായി വിദേശ സഞ്ചാരിയെ ആശുപത്രിയിലേക്ക് മാറ്റാൻ തയ്യാറെടുക്കുന്നതിനിടെയാണ് മൂന്നാറിൽ നിന്ന് സംഘം കടന്ന് കളഞ്ഞ വിവരം ഇടുക്കി ജില്ലാ ഭരണകൂടം അറിയുന്നത്. ഉടൻ തന്നെ ഇടുക്കി കളക്ടര്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് വിവരം കൈമാറി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിമാനത്തിൽ നിന്ന് ആളെ പുറത്തിറക്കുന്നത് അടക്കമുള്ള നടപടി ക്രമങ്ങൾ നടത്തിയത്. 

Follow Us:
Download App:
  • android
  • ios