Asianet News MalayalamAsianet News Malayalam

'ദില്ലിയില്‍ ഒരു ഓട്ടോറിക്ഷയിൽ പോലും ലിഫ്റ്റ് കിട്ടില്ല, ഇവിടെ ഫോര്‍ച്യൂണര്‍'; വാഹന വിവാദം കത്തിച്ച് ബിജെപി

പിണറായി ചെലവിനു കൊടുത്തില്ലെങ്കിൽ ദില്ലി എകെജി ഭവനിൽ റൊട്ടിയും ദാലും കഴിച്ച് ആരും വായിക്കാത്ത പീപ്പിൾസ് ഡെമോക്രസിയിൽ ഖണ്ഡശ ഫാസിസ്റ്റ് വിരുദ്ധ സാഹിത്യവും രചിച്ച് വൈകുന്നേരം അര ഔൺസ് ദശമൂലാരിഷ്ടവും സേവിച്ച് കിടക്കാൻ സാധിക്കാതെ വരും

sandeep Varier fb post on vehicle used by sitaram yechury in party congress
Author
Palakkad, First Published Apr 18, 2022, 5:02 PM IST

പാലക്കാട്: സിപിഎം പാർട്ടി കോൺഗ്രസിൽ (CpiM Party Congress) സീതാറാം യെച്ചൂരി (Sitharam Yechury) സഞ്ചരിച്ചത് ക്രിമിനൽ കേസ് പ്രതിയുടെ വാഹനത്തിലെന്നുള്ള ആരോപണം ശക്തമാക്കി ബിജെപി (BJP). ദില്ലിയില്‍ ഒരു ഓട്ടോറിക്ഷയിൽ പോലും ലിഫ്റ്റ് കിട്ടാത്ത പാർട്ടി അഖിലേന്ത്യ സെക്രട്ടറിക്ക് കേരളത്തിൽ വന്നപ്പോൾ സഞ്ചരിക്കാൻ ടൊയോട്ട ഫോർച്യൂണറാണ് ലഭിച്ചതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ തുറന്നടിച്ചു. ഇതേ സിപിഎമ്മാണ് ബംഗാളിൽ നിന്നുള്ള യുവനേതാവ് ഋതബ്രത ബാനര്‍ജി ആപ്പിൾ വാച്ചും മോണ്ട് ബ്ലാങ്ക് പെന്നും ഉപയോഗിച്ചു എന്ന മഹാപരാധത്തിന് പുറത്താക്കിയത് എന്നതു കൂടി ചേർത്ത് വായിക്കണം.

ഇന്ത്യൻ സൈനികനെ ആക്രമിച്ചതിൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സിദ്ദീഖ് എന്ന നാദാപുരം സ്വദേശിയുടേതാണ് ഫോർച്ചുണർ എന്നും അതില്‍ അത്ഭുതം തോന്നുന്നില്ലെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു. സിപിഎം പാർട്ടി കോൺഗ്രസിന് സിദ്ദീഖ് അല്ലാതെ മറ്റാരാണ് കാർ കൊടുത്ത് സഹായിക്കുക? കേരളത്തിലെ സിപിഎമ്മിനോട് നിങ്ങൾ എന്ത് പണിയാണ് കാണിച്ചതെന്ന് മൂരി നിവർത്തി ചോദിക്കാനുള്ള ആമ്പിയർ ഇന്ന് അഖിലേന്ത്യ സെക്രട്ടറിക്കില്ല.

മറ്റൊന്നും കൊണ്ടല്ല, പിണറായി ചെലവിനു കൊടുത്തില്ലെങ്കിൽ ദില്ലി എകെജി ഭവനിൽ റൊട്ടിയും ദാലും കഴിച്ച് ആരും വായിക്കാത്ത പീപ്പിൾസ് ഡെമോക്രസിയിൽ ഖണ്ഡശ ഫാസിസ്റ്റ് വിരുദ്ധ സാഹിത്യവും രചിച്ച് വൈകുന്നേരം അര ഔൺസ് ദശമൂലാരിഷ്ടവും സേവിച്ച് കിടക്കാൻ സാധിക്കാതെ വരും. ബംഗാളും ത്രിപുരയും ഉള്ള കാലത്ത് ലൂട്ടിയൻ സദസ്സുകളിൽ ഷാമ്പയിൻ നുണഞ്ഞിരുന്നതും കുത്തിത്തിരുപ്പുണ്ടാക്കി സർക്കാരുകളെ വീഴിച്ചിരുന്നതും വാഴിച്ചിരുന്നതുമൊക്കെ ഇന്ത്യൻ മാർക്സിസ്റ്റുകളുടെ ഗൃഹാതുര ഓർമ്മകൾ മാത്രമാണിന്ന്.

സിദ്ദീഖിനെ വെറുക്കപ്പെട്ടവൻ എന്ന് വിളിക്കാൻ ശേഷിയുണ്ടായിരുന്ന വിഎസ് ഈ കാര്യങ്ങളൊക്കെ അറിയുന്നുണ്ടോ എന്തോ, ഇത് അയാളുടെ കാലമല്ലേ... പിണറായിയുടെ എന്നും സന്ദീപ് പറഞ്ഞു.  പാർട്ടി കോൺഗ്രസിൽ സീതാറാം യെച്ചൂരി സഞ്ചരിച്ച KL 18 AB 5000 എന്ന  വാഹനത്തിന്റെ ഉടമ സിദ്ദിഖ് പത്തോളം  ക്രിമിനൽ കേസിലെ പ്രതിയാണെന്നാണ് ബിജെപി ഉന്നയിക്കുന്നത്. സിദ്ദിഖ് പകൽ മുസ്ലീം ലീഗിന്റെയും രാത്രി എസ്ഡിപിഐയുടെയും പ്രവർത്തകനാണ്. സിപിഎം, - എസ്ഡിപിഐ കൊടുക്കൽ വാങ്ങലിന്റെ തെളിവാണ് വാഹനം നൽകിയ സംഭവം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ  വഴിയാണ്  വാഹനം ഏർപ്പാട് ചെയ്തതെന്നും ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ആരോപിച്ചു. എന്നാൽ, ആരോപണം തള്ളി സിപിഎം രംഗത്തെത്തി. താൻ ആർക്കും കാർ വാടകയ്ക്ക് എടുത്ത് നൽകിയിട്ടില്ല എന്ന് പി മോഹനൻ പ്രതികരിച്ചു.

ബിജെപി കണ്ണൂർ ജില്ലാ അധ്യക്ഷന്‍റെ ആരോപണത്തെക്കുറിച്ച് അറിയില്ല. യെച്ചൂരിക്ക് കാർ ഏർപ്പാടാക്കിയത് താനല്ല. കണ്ണൂർ ജില്ലാ നേതൃത്വമാണ് വാഹനം ഒരുക്കിയത്. ചുണ്ടേൽ സിദ്ദിഖിനെ അറിയില്ല എന്നും പി മോഹനൻ പറഞ്ഞു. ബിജെപിയുടേത് അപവാദ പ്രചാരണം മാത്രമെന്ന് എം വി ജയരാജൻ പ്രതികരിച്ചു. പാർട്ടി കോൺഗ്രസിലേക്ക് 58 വാഹനം ആകെ വാടകയ്ക്കെടുത്തു. വാഹനം നൽകിയവരുടെ രാഷ്ട്രീയം നോക്കിയിട്ടില്ല.

കുറഞ്ഞ പണത്തിന് വാഹനം നൽകിയവരെയാണ് തെരഞ്ഞെടുത്തത്. ബിജെപിയുടെ ആരോപണം പരിഹാസ്യവും നീചവുമാണ്. മോഹനൻ മാസ്റ്റർക്ക് ഇതുമായി ബന്ധമില്ല. കാലിക്കറ്റ് ടൂർസ് ആന്റ ട്രാവൽസ് വഴിയാണ് വാഹനം വാങ്ങിയത്. സീതാറാം യെച്ചൂരി സ്ഥിരമായി ഉപയോഗിച്ചത് മറ്റൊരു വാഹനമാണ്. അത് KL 13 AR 2707 എന്ന വാഹനമാണ്. യെച്ചൂരി ഉപയോഗിച്ച അതേ വാഹനമാണ് നേരത്തെ ഏഴിമലയിൽ രാഷ്ട്രപതി എത്തിയപ്പോൾ അകമ്പടി വാഹനമായി ഉപയോഗിച്ചത്.

നിരവധി കേണൽ മാർ എത്തിയതും ഇതേ വാഹനത്തിലാണ്.  വിമാനത്താവളത്തിൽ നിന്ന് വന്നതാണ് ആരോപണം ഉന്നയിക്കുന്ന വാഹനം. വാഹന ഉടമയും ഡ്രൈവറും പ്രതിനിധി സമ്മേളനത്തിൽ വന്നില്ല. സിദ്ദിഖ് ആരാണെന്ന് പോലും അറിയില്ല. എസ് ഡി പി ഐയും സി പി എമ്മും തമ്മിൽ ബന്ധമെന്ന് ആരെങ്കിലും പറയുമോ. നിരവധി സിപിഎം പ്രവർത്തകരെയാണ് എസ്ഡിപിഐ കൊന്നത്. അവരുമായി എങ്ങനെ കൂട്ട് കൂടാനാണെന്നും എം വി ജയരാജൻ ചോദിച്ചു. 

Follow Us:
Download App:
  • android
  • ios