മുകുൾ വാസ്നിക്കിന്റെ കയ്യിലുള്ള പട്ടികയുടെ ചിത്രം പുറത്തു വന്നത് കണ്ടിട്ടില്ലെന്നും ആർക്കാണ് പിന്തുണ എന്നത് പുറത്തു പറയാനില്ലെന്നും സന്ദീപ് വാര്യർ. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. എംഎൽഎമാരോട് അഭിപ്രായം ചോദിച്ചാണ് തീരുമാനം എടുക്കുകയെന്നും സന്ദീപ് വാര്യർ
കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക്കെസി വേണുഗോപാലിനുള്ള പിന്തുണ തള്ളാതെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ. മുകുൾ വാസ്നിക്കിന്റെ കയ്യിലുള്ള പട്ടികയുടെ ചിത്രം പുറത്തു വന്നത് കണ്ടിട്ടില്ലെന്നും ആർക്കാണ് പിന്തുണ എന്നത് പുറത്തു പറയാനില്ലെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. എംഎൽഎമാരോട് അഭിപ്രായം ചോദിച്ചാണ് തീരുമാനം എടുക്കുകയെന്നും സന്ദീപ് വാര്യർ പറഞ്ഞു. മുകുൾ വാസ്നിക്കിന്റെ കയ്യിലുള്ള പട്ടികയിൽ കെസി വേണുഗോപാലിനാണ് സന്ദീപ് വാര്യറുടെ പിന്തുണയെന്ന് പുറത്തായിരുന്നു. ഇതിനോടാണ് സന്ദീപ് വാര്യറുടെ പ്രതികരണം.
മുസ്‌ലിം ലീഗിനോടും പാണക്കാട് കുടുംബത്തോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട്. മാത്യു കുഴൽനാടന്റെ ലീഗിനെതിരായ പ്രസ്താവന കണ്ടിട്ടില്ല. അറ്റവും മൂലയും മുറിച്ചെടുത്ത് മാധ്യമങ്ങൾ വാർത്ത നൽകാറുണ്ട്. അതുകണ്ട് ചിലർക്ക് വിഷമം തോന്നിയിട്ട് ഉണ്ടാകും. മുഖ്യമന്ത്രിയ്ക്കായി ഫ്ലക്സ് ഉയർത്തുന്നതും പ്രകടനം നടത്തുന്നതും ജനധിപത്യത്തിന്റെ ഭാഗമാണ്. പരിധി കടക്കരുത്. വാരണാസിയിൽ മോദി വിയർത്തു ജയിച്ചത് പോലെയാണ് ധർമ്മടത്ത് പിണറായിയും ജയിച്ചതെന്നും സന്ദീപ് വാര്യർ പറഞ്ഞു.
കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയാര്? കോൺഗ്രസ് ക്യാമ്പിൽ നിർണായക നീക്കങ്ങൾ
കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണയക നീക്കങ്ങൾ കോൺഗ്രസ് ക്യാമ്പിൽ സജീവമാകുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് അനുകൂലമായ കാറ്റാണ് ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ വീശുന്നത്. എഐസിസി നിരീക്ഷകർ വ്യാഴാഴ്ച നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയിൽ, തിരഞ്ഞെടുക്കപ്പെട്ട 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും വേണുഗോപാലിന്‍റെ പേരാണ് നിർദ്ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഈ പട്ടികയിൽ ഉൾപ്പെടുന്നുവെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
സണ്ണി ജോസഫിനെ കൂടാതെ സന്ദീപ് ജി വാര്യർ, സജീവ് ജോസഫ്, ടി ഒ മോഹൻ, ഉഷാ വിജയൻ തുടങ്ങിയവരും വേണുഗോപാലിനെ പിന്തുണച്ചുവെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്‍റെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ മുഖ്യമന്ത്രി പദത്തിലേക്ക് ശക്തമായി രംഗത്തുള്ള രമേശ് ചെന്നിത്തലയ്ക്ക് കനത്ത തിരിച്ചടിയാണ് എംഎൽഎമാരുടെ നിലപാട് നൽകുന്നത്. ചെന്നിത്തലയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഐ സി ബാലകൃഷ്ണൻ പോലും വേണുഗോപാലിനെയും ചെന്നിത്തലയെയും ഒരേപോലെ പിന്തുണച്ചതായാണ് റിപ്പോർട്ട്. ചെന്നിത്തലയ്ക്ക് എട്ട് എംഎൽഎമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ജനപ്രിയ മുഖമായി ഉയർത്തിക്കാട്ടപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ആറ് എംഎൽഎമാർ പിന്തുണച്ചു. സതീശനും ചെന്നിത്തലയും നിരീക്ഷകരെ കണ്ട് തങ്ങളുടെ അവകാശവാദങ്ങൾ ഉന്നയിച്ചപ്പോൾ കെ സി വേണുഗോപാൽ കൂടിക്കാഴ്ചയിൽ നിന്ന് വിട്ടുനിന്നിരുന്നു.
അടുത്ത മുഖ്യമന്ത്രിയെ നാമനിർദ്ദേശം ചെയ്യാൻ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഐകകണ്ഠ്യേന മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ചയോ ഞായറാഴ്ചയോ പ്രഖ്യാപനം ഉണ്ടായേക്കും. തുടർന്ന് രണ്ട് ദിവസത്തിനകം പുതിയ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ഇതിനിടെ യുഡിഎഫ് ഘടകകക്ഷികളും സമവായത്തിനായുള്ള ശ്രമങ്ങൾ തുടരുകയാണ്. വി ഡി സതീശന് വേണ്ടി വാദിക്കുന്ന മുസ്ലിം ലീഗ്, ഹൈക്കമാൻഡ് തീരുമാനം വന്ന ശേഷം തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന വിമർശനം ഇതിനകം തന്നെ ലീഗിനുള്ളിൽ നിന്നും കോൺഗ്രസിൽ നിന്നും ഉയർന്നിട്ടുണ്ട്.



