തിരുവനന്തപുരം: നയതന്ത്രബാഗ്  ഉപയോഗിച്ച് സ്വർണ്ണം കടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായർ തിരുവനന്തപുരത്തെ കരകുളത്തും ഒരു ഫ്ലാറ്റ് വാടകക്കെടുത്തിരുന്നതായി വിവരം. ആന്റി പൈറസി സെൽ ഉദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തിയാണ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഫ്ലാറ്റ് വാടകക്ക് എടുത്തതെന്ന് ഉടമ അശോക് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. സന്ദീപ് വാടക പലപ്പോഴും കുടിശ്ശിക വരുത്തിയിരുന്നുവെന്നും അശോക് കുമാർ പ്രതികരിച്ചു. സ്വർണ്ണക്കള്ളക്കടത്ത് കേസ് പുറത്തു വന്നതിന് പിന്നാലെ സന്ദീപിനെ തിരിച്ചറിഞ്ഞതോടെ  താക്കോൽ തിരിച്ച് കിട്ടാനായി നെടുമങ്ങാട് പൊലീസിൽ ഇദ്ദേഹം പരാതി നൽകിയിരുന്നു. 

അതിനിടെ സ്വപ്ന സുരേഷും സന്ദീപും സ്വപ്നയുടെ കുടുംബവും ബാംഗ്ലൂരിലേക്ക് കടക്കാൻ ഉപയോഗിച്ച കാർ എൻഐഎ കസ്റ്റഡിയിലെടുത്തു. കാർ കൊച്ചിയിലെ എൻഐഎ കോടതിയിലെത്തിച്ചു. KL 01 CJ 1981 എന്ന രാജിസ്ട്രേഷനിൽ ഉള്ള സുസുക്കി എസ്. ക്രോസ് കാറാണ് കസ്റ്റഡിയിൽ എടുത്തത്. നിലവിൽ സ്വപ്ന സുരേഷ്,സന്ദീപ് എന്നീ പ്രതികളാണ് എൻഐഎയുടെ കസ്റ്റഡിയിലുള്ളത്. കസ്റ്റംസിന്‍റെ കസ്റ്റഡിയിലുള്ള സരിത്തിനെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് എൻഐഎ നൽകിയ പ്രൊഡക്ഷൻ വാറണ്ടിൽ ഇന്ന് തീരുമാനം ഉണ്ടാകും. സരിത്തിനെ  കസ്റ്റഡിയിൽ കിട്ടുന്നതോടെ മുഖ്യപ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് എൻഐഎ.. കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകാനുണ്ടെന്നാണ് സരിത്ത് ഉൾപ്പെടെയുള്ളവരുടെ മൊഴിയിൽ നിന്ന് വ്യക്തമാകുന്നത്.