തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. സംഭവം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് ആയിട്ടില്ലെന്ന് കാട്ടി സന്ദീപാനന്ദഗിരി മുഖ്യമന്ത്രിക്ക്  പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഡിജിപി അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. 

ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിൽ ആക്രമണം നടന്നത്. ആശ്രമത്തിലെ രണ്ട് കാറും ഒരു ബൈക്കും കത്തി നശിച്ചു. ആശ്രമത്തിന്റെ പോർച്ചും കത്തി. ആശ്രമത്തിന് മുന്നിൽ റീത്തും വെച്ചിരുന്നു. ശബരിമല യുവതീപ്രവേശന വിധിയെ ശക്തമായി അനുകൂലിച്ച സ്വാമിക്ക് സംഘപരിവാർ സംഘടനകളിൽ നിന്ന് ഭീഷണികള്‍ ഉണ്ടായതിന് പിന്നാലെ നടന്ന അക്രമം വലിയ ചർച്ചയായി.ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നു. അതിശക്തമായ നടപടിയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

എന്നാൽ കേസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്ന കാഴ്ചയാണ് സംഭവത്തിൽ ഉണ്ടായത്. ആശ്രമത്തിന്‍റെ ആറ് കിലോമീറ്റർ പരിധിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സന്ദീപാനന്ദഗിരിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയവരെ ചോദ്യം ചെയ്യുകയും ചെയ്തെങ്കിലും ഫലം ഉണ്ടായില്ല. റീത്ത് വാങ്ങിയ കടയോ പെട്രോൾ വാങ്ങിയ പമ്പോ കണ്ടെത്താനുമായില്ല.

കേസ് പ്രത്യേക സംഘത്തെ ഏൽപിച്ചിട്ടും  പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. സിറ്റി പൊലീസ് കമ്മീഷണര്‍ പി. പ്രകാശിന്‍റെ നേതൃത്വത്തില്‍ പത്ത് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ശബരിമല വിവാദത്തിന് മുൻപ് തന്നെ സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് എതിര്‍പ്പുണ്ടായിരുന്നെന്നും ഇത്തരം കാര്യങ്ങള്‍ക്കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും സന്ദീപാനന്ദഗിരി ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിലും നടപടി ആയില്ല. ദൃക്സാക്ഷി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അക്രമിയുടെ രേഖാചിത്രം തയ്യാറാക്കിയെങ്കിലും പൊലീസ് ഇത് പൂഴ്ത്തിയെന്ന ആരോപണവും ഇതിനിടെ ഉയർന്നു. സംഭവം നടന്ന് ഒരു കൊല്ലം പിന്നിടുമ്പോഴും പൊലീസ് ഈ രേഖാചിത്രം പുറത്തു വിട്ടിട്ടില്ല. അന്വേഷണത്തിൽ വ്യക്തമായ തെളിവൊന്നും ലഭിച്ചില്ലെന്നതാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇതോടെയാണ് അന്വേഷണം വഴിമുട്ടിയെന്ന പരാതിയുമായി സ്വാമി സന്ദീപാനന്ദ​ഗിരി മുഖ്യമന്ത്രി  പിണറായി വിജയനെ സമീപിച്ചത്. ഈ  പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് നടപടിയായത്.