ശബരിമലയിലെ പൂജകളും സന്നിധാനത്തെ താമസസൗകര്യവും ഭക്തർക്ക് ഇപ്പോൾ ഓൺലൈനായി ബുക്ക് ചെയ്യാം. ഇതിനോടൊപ്പം, ശബരിമല സീസൺ പ്രമാണിച്ച് ഇന്ത്യൻ റെയിൽവേ ചെന്നൈയിൽ നിന്ന് കൊല്ലത്തേക്ക് പ്രത്യേക ട്രെയിൻ സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട: ശബരിമലയിലെ പൂജകൾ ഭക്തർക്ക് ഓൺലൈനിലൂടെ ഇന്ന് മുതൽ ബുക്ക് ചെയ്യാം. www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് പൂജകൾ ബുക്ക് ചെയ്യേണ്ടത്. സന്നിധാനത്തെ ഓൺലൈൻ അക്കോമഡേഷൻ ബുക്കിംഗും ആരംഭിക്കും. www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിംഗ് ലഭ്യമാവുക. സന്നിധാനത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

സ്‌പെഷ്യൽ ട്രെയിന്‍ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

ശബരിമല സീസണ്‍ പ്രമാണിച്ച് ചെന്നൈ സെന്‍ട്രലില്‍ നിന്നും എഗ്മൂരില്‍ നിന്നും കൊല്ലത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ഈ മാസം 14 മുതല്‍ ജനുവരി 16 വരെ എല്ലാ വെള്ളിയാഴ്ചകളിലും എഗ്മൂരില്‍ നിന്നുള്ള ഈ ട്രെയിന്‍ ഓടും. ശനിയാഴ്ചകളിലാണ് തിരിച്ചുള്ള സര്‍വ്വീസ്. വെള്ളിയാഴ്ച രാത്രി 11.55ന് എഗ്മൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് വൈകീട്ട് നാലരയ്ക്ക് കൊല്ലത്തെത്തും. ശനിയാഴ്ചകളില്‍ രാത്രി 7.35ന് കൊല്ലത്തു നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്ക് പന്ത്രരണ്ടിന് ചെന്നൈ എഗ്മൂരില്‍ എത്തും.

ഞായറാഴ്ചകളിലും വ്യാഴാഴ്ചകളിലും ശനിയാഴ്ചകളിലുമാണ് ചെന്നൈ സെന്‍ട്രലില്‍ നിന്നുള്ള സ്‌പെഷല്‍ ട്രെയിന്‍. ഈ മാസം 16 മുതല്‍ ജനുവരി 24 വരെയുള്ള എല്ലാ ഞായറാഴ്ചകളിലും വ്യാഴാഴ്ചകളിലും ശനിയാഴ്ചകളിലും ട്രെയിന്‍ സര്‍വീസ് നടത്തും. തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ് തിരിച്ചുള്ള സര്‍വ്വീസ്. രാത്രി 11.50ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് വൈകീട്ട് നാലയ്ക്ക് കൊല്ലത്തെത്തും. വൈകീട്ട് ആറരയ്ക്ക് കൊല്ലത്തു നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്ക് പതിനൊന്നരയ്ക്ക് ചെന്നൈ സെന്‍ട്രലില്‍ എത്തും. കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.