വാട്ടർ അതോറിറ്റിയിൽ നിയമനവും തൊഴിൽ വിന്യാസവും നടത്തുന്നത് കരാർ ജീവനക്കാരുടെ യൂണിയനാണെന്ന് ഷിജിൽ പറഞ്ഞു
തിരുവനന്തപുരം: മ്യൂസിയത്തിലെ ലൈംഗികാതിക്രമ കേസിലും കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കടന്ന സംഭവത്തിലും പിടിയിലായ സന്തോഷ് കുമാറിനെ വാട്ടർ അതോറിറ്റിയിലെ ഡ്രൈവറായി നിയമിച്ചത് യൂണിയൻകാർ പറഞ്ഞിട്ടെന്ന് കരാറുകാരൻ. താൻ കരാർ എടുക്കും മുമ്പേ ഇയാൾ വാട്ടർ അതോറിറ്റിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്തു വരുന്നുണ്ടെന്നും ഷിജിൽ ആന്റണി പറഞ്ഞു.
വാട്ടർ അതോറിറ്റിയിൽ നിയമനവും തൊഴിൽ വിന്യാസവും നടത്തുന്നത് കരാർ ജീവനക്കാരുടെ യൂണിയനാണെന്ന് ഷിജിൽ പറഞ്ഞു. ഇങ്ങനെ നിയമിക്കപ്പെടുന്ന ജീവനക്കാരുടെ രേഖകൾ ഒന്നും തൻറെ പക്കൽ ഇല്ലെന്ന് ഷിജിൽ ആന്റണി പറയുന്നു. താൻ സന്തോഷിനെ കാണാറുള്ളത് ശമ്പളം വാങ്ങാൻ വരുമ്പോൾ മാത്രമാണെന്നും ഷിജിൽ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടർക്ക് നേരെ ആക്രമം ഉണ്ടായപ്പോഴും കുറവൻകോണത്തെ വീട്ടിൽ കയറിയപ്പോഴും സന്തോഷിന്റെ മൊബൈൽ ടവർ ആ പരിസരങ്ങളിൽ തന്നെയായിരുന്നു. കുറവൻകോണത്തെ കേസിൽ ഇന്നലെ രാത്രി സന്തോഷിനെ അറസ്റ്റ് ചെയ്തു. അതിക്രമത്തിന് ഇരയായ സ്ത്രീ പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെ മ്യൂസിയം കേസിലെയും പ്രതി സന്തോഷ് തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു.
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായിരുന്നു സന്തോഷ്. സർക്കാർ വാഹനം ദുരുപയോഗം ചെയ്താണ് തലസ്ഥാനത്ത് സന്തോഷ് അതിക്രമം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. പിന്നാലെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
കുറവൻകോണത്തും മ്യൂസിയം പരിസരത്തും അതിക്രമം നടത്തിയത് ഒരാൾ തന്നെയെന്ന സംശയമാണ് ശരിയായത്. കുറവൻകോണത്ത് വീട്ടിൽ അതിക്രമം കാണിച്ചകേസിലെ അന്വേഷണമാണ് സന്തോഷിനെ കുടുക്കിയത്. 25ന് രാത്രി കുറവൻകോണത്തെ വീട്ടിൽ സന്തോഷ് എത്തിയ ഇന്നോവ കാർ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്.
സിസിടിവിയിൽ വാഹനത്തിൻറെ മുന്നിലുണ്ടായിരുന്ന സർക്കാർ ബോർഡ് മറച്ച നിലയിലായിരുന്നു. ഡാഷ് ബോർഡിൽ പതാകയും ഉണ്ടായിരുന്നു. ഈ അന്വേഷണം ചെന്നെത്തിയത് സെക്രട്ടറിയേറ്റിലായിരുന്നു. ജല വിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നത് മന്ത്രി റോഷി അഗസ്റ്റിൻറെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരാൻ നായരാണെന്ന് തിരിച്ചറിഞ്ഞു. പിന്നാലെ ഡ്രൈവർ സന്തോഷിലേക്ക് അന്വേഷണമെത്തുകയായിരുന്നു.
