തിരുവനന്തപുരം: മോദി അനുകൂല നിലപാട് അടഞ്ഞ അധ്യായമാണെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. തന്‍റെ പ്രസ്താവന വന്നതിനു പിന്നാലെയുള്ള മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവനകള്‍ വേദനിപ്പിച്ചു. വിശദീകരണം സ്വീകരിച്ച സാഹചര്യത്തില്‍ ഇനി ചര്‍ച്ചക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ അടിസ്ഥാനത്തിലുള്ള ചര്‍ച്ചയുടെ ഭാഗമായാണ് താന്‍ മോദി അനുകൂല പ്രസ്താവന നടത്തിയത്. വര്‍ഷങ്ങളോളം പാര്‍ലമെന്‍റില്‍ അടുത്തടുത്ത സീറ്റുകളിലിരുന്നവരായിട്ടും താന്‍ പറഞ്ഞത് മുല്ലപ്പള്ളിക്ക് മനസ്സിലാകാത്തതില്‍ വിഷമമുണ്ടായി. പ്രസ്താവനക്ക് പിന്നാലെയുണ്ടായ മുല്ലപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചതുകൊണ്ടാണ് കടുത്ത ഭാഷയില്‍ വിശദീകരണം നല്‍കിയതെന്നും ശശി തരൂര്‍ പറഞ്ഞു,

നരേന്ദ്ര മോദിയുടെ വലിയ വിമർശകനായ താൻ മോദിയെ സ്തുതിച്ചെന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നോട്ടീസിലെ  പരാമർശം ആശ്ചര്യപ്പെടുത്തിയെന്നാണ് തരൂര്‍ കെപിസിസിക്കുള്ള വിശദീകരണത്തില്‍ പറഞ്ഞത്. താൻ മോദിയെ സ്തുതിച്ചിട്ടില്ല, ലോക്സഭയിലെ പ്രസംഗങ്ങളിലും പുസ്തകങ്ങളിലൂടെയും മോദിയെ തന്നെ പോലെ വിമർശിച്ച ഒരു നേതാവും കേരളത്തിലില്ല. തന്‍റെ ഏതെങ്കിലും ഒരു പരമാർശം മോദി സ്തുതിയെന്ന് കാണിച്ച് തന്നാൽ നന്നാകുമെന്നും കെപിസിസി പ്രസിഡന്‍റിന് നല്‍കിയ വിശദീകരണ കത്തില്‍  തരൂര്‍ പറഞ്ഞിരുന്നു.