കോൺഗ്രസ് പാർലമെന്‍ററി നയ രൂപീകരണ യോഗത്തില്‍ ശശി തരൂർ പങ്കെടുക്കില്ല
തിരുവനന്തപുരം: കോൺഗ്രസ് പാർലമെന്‍ററി നയ രൂപീകരണ യോഗത്തില്‍ ശശി തരൂർ പങ്കെടുക്കില്ല. നയ രൂപീകരണ യോഗത്തില്‍ പങ്കെടുക്കാൻ ശശി തരൂരിന് പാർട്ടി നേതൃത്വം കത്ത് നൽകിയിരുന്നു. എന്നാൽ തരൂര്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്. നാളെ നടക്കാനിരുന്ന രാഹുൽ ഗാന്ധിയുമായുള്ള ചർച്ചക്കും അദ്ദേഹം ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ല. ദുബായിൽ നിന്ന് തരൂര്‍ ദില്ലിയിലേക്ക് തിരിച്ചെത്തുക ഇന്ന് രാത്രിയാണ്.
അതേസമയം, തരൂർ സിപിഎമ്മിന് കൈ കൊടുക്കുമോ എന്ന കാര്യത്തിൽ ആകാംഷ തുടരുകയാണ്. കൊച്ചിയിലെ മഹാ പഞ്ചായത്ത് യോഗത്തിൽ രാഹുൽ അവഗണിച്ചതിൽ തരൂര്‍ കടുത്ത അതൃപ്തിയിൽ തുടരുകയാണ് തരൂർ. എന്നാൽ തരൂരിന്‍റെ അതൃപ്തി പരിഹരിക്കണമെന്ന് അഭിപ്രായമുള്ള സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തരൂര്‍ സിപിഎമ്മിനൊപ്പം പോകില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നുമുണ്ട്. എല്ലാ ഭിന്നതയും മാറ്റിവച്ച് വയനാട് ക്യാമ്പിലെത്തിയ ശശി തരൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലായിടത്തും പ്രചാരണത്തിന് എത്താമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ കൊച്ചിയിൽ കോണ്‍ഗ്രസ് നടത്തിയ മഹാ പഞ്ചായത്തോടെ പഴയതിനേക്കാള്‍ കാര്യങ്ങള്‍ വഷളായി. രാഹുൽ കണ്ട ഭാവം നടിച്ചില്ല, പേരു പറഞ്ഞില്ല, പ്രവര്‍ത്തക സമിതി അംഗമായിട്ടും രാഹുൽ വരുന്നതിന് മുമ്പേ പ്രസംഗിപ്പിച്ചു എന്ന പരാതിയാണ് തരൂരിനുള്ളത്. തന്നെ അപമാനിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷനോട് പരാതിപ്പെട്ടു. ഇതിനിടെയാണ് ദുബായിലെ വ്യവസായി വഴി സിപിഎം പാലമിട്ടത്. എന്നാൽ അക്കാര്യം തരൂര്‍ നിഷേധിക്കുകയാണ്. അതേസമയം, സിപിഎമ്മിൽ ചേരുകയെന്ന അബദ്ധം തരൂര്‍ കാണിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. തരൂരിനെപ്പോലെയൊരാള്‍ക്ക് എന്ത് സ്ഥാനം സിപിഎമ്മിന് കൊടുക്കാനാകുമെന്നാണ് അവരുടെ ചോദ്യം.


