കോൺഗ്രസിന്റെ പ്രധാനപ്പെട്ട പരിപാടിയായിരുന്നു ഭാരത് ജോഡോ യാത്ര. ഇക്കാര്യങ്ങൾ ഡിസിസി പരിശോധിക്കണം. എന്നാൽ ആത്മാർത്ഥമായി ജോലി ചെയ്തർക്ക് അതിന്റെ അംഗീകാരം കിട്ടണമെന്നും ഡിസിസി നേതൃയോഗത്തിൽ വി ഡി സതീശൻ പറഞ്ഞു.
തിരുവനന്തപുരം : രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്തവർക്കെതിരെ കർശന താക്കീതുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത്തരക്കാർ ഇനി പാർട്ടിയിൽ വേണ്ടെന്നും യാത്രയിൽനിന്ന് വിട്ടുനിന്നവർ എന്തിനാണ് പാർട്ടിയിൽ തുടരുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കോൺഗ്രസിന്റെ പ്രധാനപ്പെട്ട പരിപാടിയായിരുന്നു ഭാരത് ജോഡോ യാത്ര. അതിൽ പലരും പങ്കെടുത്തില്ല. ഇക്കാര്യങ്ങൾ ഡിസിസി പരിശോധിക്കണം. എന്നാൽ ആത്മാർത്ഥമായി ജോലി ചെയ്തർക്ക് അതിന്റെ അംഗീകാരം കിട്ടണമെന്നും ഡിസിസി നേതൃയോഗത്തിൽ വി ഡി സതീശൻ പറഞ്ഞു. സംസ്ഥാന സഹയാത്രികരായി പങ്കെടുത്തവരെ ഡിസിസി അനുമോദിച്ച ചടങ്ങിൽ വെച്ചാണ് വി ഡി സതീശന്‍റെ പ്രസ്താവന.
19 ദിവസത്തെ കേരള പര്യടനത്തിന് ശേഷമാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തമിഴ്നാട് ഗൂഡല്ലൂരിലേക്കെത്തിയത്. ഗൂഡല്ലൂർ ആർട്സ് ആൻ്റ് സയൻസ് കോളേജ് പരിസരത്ത് നിന്ന് തുടങ്ങിയ പദയാത്ര ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. തമിഴ്നാട്ടിലെയും കേരളത്തിലെയും ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു. കാൽനട യാത്രയ്ക്ക് മുൻപ് തമിഴ്നാട്ടിലെ വിവിധ സംഘടനകളുമായി രാഹുൽ കൂടിക്കാഴ്ച്ച നടത്തി. ഗൂഡല്ലൂരിലെ ഭൂമി പ്രശ്നവും തോട്ടം മേഖലയിലെ തൊഴിലാളികളുടെ പ്രതിസന്ധികളും ചർച്ചയായി. അടുത്ത ദിവസം ഭാരത് ജോഡോ യാത്ര കർണാടകയിലേക്ക് കടക്കും. രാവിലെ 9 മണിക്ക് ഗുണ്ടൽപേട്ടിൽ നിന്നാണ് യാത്ര തുടങ്ങുക.
