ജക്കാർത്തയിൽ നിന്ന് മദീനയിലേക്ക് പോയ സൗദി എയർലൈൻസ് വിമാനം യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. ബോധരഹിതനായ ഇന്തോനേഷ്യൻ പൗരനെ ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: ജക്കാർത്തയിൽ നിന്ന് മദീനയിലേക്ക് പോയ സൗദി എയർലൈൻസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. സൗദി എയർലൈൻസിൻ്റെ എസ് വി 817 വിമാനമാണ് അടിയന്തിര ലാൻ്റിങ് നടത്തിയത്. ജക്കാർത്തയിൽ നിന്ന് മദീന ലക്ഷ്യമാക്കി പറക്കുകയായിരുന്ന വിമാനത്തിലെ യാത്രക്കാരൻ ബോധംകെട്ട് വീണതോടെയാണ് വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിര ലാൻ്റിങ് നടത്തിയത്.
വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത ഉടൻ വിമാനത്താവളത്തിലെ മെഡിക്കൽ സംഘവും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ബോധംകെട്ട് വീണ യാത്രക്കാരനെ പരിചരിച്ചു. പിന്നീട് ഇദ്ദേഹത്തെ ആംബുലൻസിൽ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി. വിമാനത്തിൽ ബോധംകെട്ട് വീണ യാത്രക്കാരൻ ഇന്തോനേഷ്യൻ പൗരനെന്നാണ് വിവരം. വിമാനത്തിലെ മറ്റ് യാത്രക്കാരെല്ലാം സുരക്ഷിതരാണ്. മെഡിക്കൽ നടപടികൾ പൂർത്തിയാക്കിയ ശേഷം വിമാനത്തിന് തുടർ യാത്രയ്ക്ക് അനുമതി നൽകുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം ബോധംകെട്ട് വീണ യാത്രക്കാരൻ്റെ ആരോഗ്യനില സംബന്ധിച്ചോ, ഇങ്ങനെ സംഭവിക്കാനുണ്ടായ സാഹചര്യമെന്തെന്നോ വ്യക്തമായിട്ടില്ല.


