തിരുവനന്തപുരം:  നെടുമങ്ങാട് വീട് ജപ്തി ചെയ്ത സംഭവത്തില്‍ പണം തിരികെ അടക്കണമെന്ന് ബാങ്ക്. 2.10 ലക്ഷം രൂപ അടച്ചാൽ പ്രമാണം തിരികെ നൽകാമെന്ന്  എസ്ബിഐ ബാങ്കിന്റെ വെഞ്ഞാറമൂട് ബ്രാഞ്ച് അറിയിച്ചു. ജപ്തിനടപടി വിവാദമായ സാഹചര്യത്തിലാണ് ബാങ്കിന്‍റെ നീക്കം.

അതേസമയം, കുടുംബം അടക്കേണ്ട തുക കുറക്കണമെന്ന് വാമനപുരം എംഎൽഎ ഡി കെ മുരളി ആവശ്യപ്പെട്ടു. നെടുമങ്ങാട് പനവൂര്‍ പഞ്ചായത്തിലെ കുളപ്പാറ കുന്നുംപുറത്ത് ബാലുവിനെയും കുടുംബത്തെയുമാണ് ഇന്നലെ എസ്ബിഐ വെഞ്ഞാറമ്മൂട് ശാഖ ജപ്തിയിലൂടെ വീട്ടില്‍ നിന്ന് പുറത്താക്കിയത്.
 
വീട് നിര്‍മ്മാണത്തിനായി ബാലു രണ്ടുലക്ഷം രൂപ വായ്പയെടുത്തിരുന്നു. വായ്പ കൃത്യമായി തിരിച്ചടച്ചുകൊണ്ടിരുന്നതിനിടെ ബാലുവിന് ചില ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു. തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവു പ്രകാരമാണ് ജപ്തിയെന്നാണ് ബാങ്ക് അറിയിച്ചത്. നെടുമങ്ങാട് സംഭവം ഒറ്റപ്പെട്ടതല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു.