ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതി നടപടികൾ താൽകാലികമായി സ്റ്റേ ചെയ്തു

ദില്ലി: പങ്കാളിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ സ്വവർഗഅനുരാഗിയായ യുവതി നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇടപെടൽ. യുവതിയെ കൊല്ലത്തെ കുടുംബ കോടതിയില്‍ ഹാജരാക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. കൊല്ലം സ്വദേശിനികളായ സ്വവർഗഅനുരാഗികളായ രണ്ട് പെൺകുട്ടികൾ തമ്മിലുള്ള ബന്ധം വീട്ടുകാർ തടഞ്ഞതോടെയാണ് ഹർജി സുപ്രീം കോടതിയിൽ എത്തിയത്. വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ തന്റെ പങ്കാളിയായ യുവതി മാതാപിതാക്കളുടെ തടങ്കലില്‍ ആണെന്നും ചൂണ്ടിക്കാട്ടി കൊല്ലം മങ്കാട് സ്വദേശിനിയായ യുവതിയാണ് ഹർജി നൽകിയത്. നേരത്തെ പാരതിക്കാരിയായ യുവതി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പങ്കാളിയെ കൌൺസിലിംഗിന് വിടാനായിരുന്നു കോടതി ഉത്തരവ്. ഈ നടപടികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് താൽകാലികമായി സ്റ്റേ ചെയ്തു.

കുടുംബ കോടതിയില്‍ വെച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് സുപ്രീംകോടതി ഇ- കമ്മിറ്റി അംഗമായ സലീന വി.ജി. നായര്‍ക്ക് ചുമതല നൽകി. റിപ്പോർട്ട് രഹസ്യരേഖയായി സമർപ്പിക്കണം. ഇതിനുശേഷമാകും തുടർനടപടികൾ ്സ്വീകരിക്കുക. കേരളത്തിലെ മിടുക്കിയായ ജുഡീഷ്യല്‍ ഓഫീസര്‍മാരില്‍ ഒരാളായതിനാലാണ് സലീനയെ ഈ ചുമതല ഏല്‍പ്പിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പമുള്ള യുവതിയെ സന്ദര്‍ശിച്ച കൊല്ലം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി, യുവതി അന്യായതടങ്കലില്‍ അല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസ് ഫെബ്രൂവരി പതിനേഴിന് വീണ്ടും പരിഗണിക്കും. കേസിൽ കക്ഷികളായ പെൺകുട്ടിയുടെ മാതാപിതാകൾക്ക് അടക്കം കോടതി നോട്ടീസ് അയച്ചു. സ്വന്തം ലൈെംഗിക ബോധം തിരിച്ചറിഞ്ഞ തന്റെ പങ്കളാളിയെ വീട്ടുകാർ തടങ്കലിലാക്കിയെന്ന് ഹർജിക്കാരിയായ പെൺകുട്ടി ആരോപിക്കുന്നത്. ഹർജിക്കാരിയ്ക്കായി അഭിഭാഷകർ ശ്രീറാം പ്രക്കാട്ട് , വിഷ്ണു ശങ്കർ ചിതറ എന്നിവർ ഹാജരായി