ദില്ലി: മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷനെതിരായ കോടതീയലക്ഷ്യക്കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സുപ്രീംകോടതിക്കെതിരെ ട്വിറ്ററിൽ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് കേസ്. ട്വീറ്റുകൾ പ്രസിദ്ധീകരിച്ച ട്വിറ്ററിനെതിരെയും കേസെടുത്തിട്ടുണ്ട്. 

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് കൃഷ്ണ മുരാരെ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ അറ്റോര്‍ണി ജനറൽ നൽകിയ ഹര്‍ജിയിലും പ്രശാന്ത് ഭൂഷനെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തിരുന്നു. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ കോടതിയാണ് അന്നും കേസെടുത്തത്. 

2009-ൽ തെഹൽക മാഗസിനിൽ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ മറ്റൊരു കേസും നേരത്തെ പ്രശാന്ത് ഭൂഷണിനെതിരെ എടുത്തിരുന്നു. ഈ കേസിൽ അമിക്കസ് ക്യൂരിയായിരുന്ന ഹരീഷ് സാൽവേയുടെ റിപ്പോർട്ട് നേരത്തെ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം അന്തരിച്ച മുതിർന്ന അഭിഭാഷകൻ രാംജെത്ത് മലാനിയാണ് കേസിൽ പ്രശാന്ത് ഭൂഷണിനായി ഹാജരായിരുന്നത്.