ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്‍റെ ഹര്‍ജിയില്‍ അനിശ്ചിതത്വം നീങ്ങുന്നു. സുപ്രീംകോടതി രജിസ്ട്രിയില്‍ നിന്ന്  കേരളത്തിന്‍റെ ഹര്‍ജിക്ക് നമ്പര്‍ നല്‍കി. ഇതോടെ നിയമഭേദഗതിക്കെതിരായ ഹര്‍ജികളുടെ പട്ടികയിലേക്ക് കേരളത്തിന്‍റെ സ്യൂട്ട് ഹര്‍ജിയും എത്തുകയാണ്. കേസ് പരിഗണിച്ച ബെഞ്ചിന് മുമ്പാകെ കേരളത്തിന്‍റെ ഹർജി അടുത്തയാഴ്ച എത്തിയേക്കും.

പിഴവുള്ള ഹര്‍ജികളുടെ പട്ടികയിലാണ് കേരളത്തിന്റെ ഹര്‍ജി ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം കേരളത്തിന്‍റെ ഹര്‍ജി പരിഗണിച്ചിരുന്നില്ല. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സ്യൂട്ട് ഹർജി നൽകിയത്. തുല്യതക്കുള്ള അവകാശം നിഷേധിക്കുന്ന നിയമം വിവേചനപരവും ഭരണഘടനവിരുദ്ധമാണെന്നും കേരളത്തിന്‍റെ ഹര്‍ജിയിൽ പറയുന്നു.

കേന്ദ്രവും സംസ്ഥാനവും  തമ്മിലുള്ള തര്‍ക്കത്തിലും സംസ്ഥാനങ്ങൾ തമ്മിലുള്ള തര്‍ക്കത്തിലും സുപ്രീംകോടതിക്ക് ഇടപെടാൻ അധികാരം നൽകുന്ന ഭരണഘടനയുടെ 131-ാം അനുഛേദപ്രകാരമാണ് കേരളത്തിന്‍റെ സ്യൂട്ട് ഹര്‍ജി. പൗരത്വ ദേദഗതിക്കെതിരെ കോടതിയിൽ എത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം.

Also Read: 'പൗരത്വ നിയമം വിവേചനപരം, ഭരണഘടനാവിരുദ്ധം' ; ഹർജിയുമായി കേരളം സുപ്രീംകോടതിയിൽ