രജിസ്ട്രേഷനും മറ്റ് സ്ഥിരം ജോലികൾക്കും പുറമേയുണ്ടായ മാരത്തോൺ പരിശോധന അധിക ജോലി ഭാരമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഉദ്യോഗസ്ഥരില്ലാത്തതിനാൽ റീ ഇൻസ്പെക്ഷന് പോലും പോകാൻ ആകാത്ത സ്ഥിതി. വകുപ്പിൽ സ്ഥാനംക്കയറ്റം നൽകാത്തതിനാൽ ഉയർന്ന തസ്തികയിൽ വിരമിക്കുന്നവരുടെ ഒഴിവ് നികത്തുന്നുമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ (food safety department)പരിശോധനകൾ തുടരുമ്പോൾ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് ജീവനക്കാർക്ക് (scarcity of officials)അമിത ഭാരമുണ്ടാക്കുന്നതായി പരാതി. 41 ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ തസ്തികയാണ് ഒഴിവുള്ളത്. ഏകോപനച്ചുമതലയുള്ള ജോയിന്‍റ് കമ്മീഷണറുടെ തസ്തികയിലും ആളില്ല. സ്വന്തമായുള്ള വാഹനം മതിയാകാത്തതിനാൽ വാടക വാഹനത്തിലാണ് ജീവനക്കാർ പരിശോധനയ്ക്ക് ആശ്രയം

ഒരു നിയോജക മണ്ഡലത്തിൽ ഒരു ഭക്ഷ്യസുരക്ഷാ ഓഫീസർ മാത്രം. സപ്പോർട്ടിംഗ് സ്റ്റാഫായി ആകെ ഒരു ക്ലാർക്കും ഓഫീസ് അസിസ്റ്റന്‍റും. ശരാശരി പത്ത് പഞ്ചായത്തുകളുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തി തിരിച്ചെത്തി വിവരങ്ങൾ ക്രോഡീകരിക്കേണ്ട ഉത്തരവാദിത്തം ഈ മൂന്നുപേരുടെ ചുമലിൽ. എന്നാൽ മണ്ഡലങ്ങളിലും ഓഫീസ് അസിസ്റ്റന്‍റിന്‍റെ തസ്തിക പോലുമില്ല. ഒഴിവുകൾ നികത്താത്തതിനാൽ ഭക്ഷ്യസുരക്ഷാ ഓഫീസ‍ർ ഉൾപ്പെടെയുള്ളവർക്ക് പലപ്പോഴും മറ്റ് നിയോജമണ്ഡലത്തിന്‍റെ ചുമതല കൂടി വഹിക്കേണ്ട അവസ്ഥയാണ്

രജിസ്ട്രേഷനും മറ്റ് സ്ഥിരം ജോലികൾക്കും പുറമേയുണ്ടായ മാരത്തോൺ പരിശോധന അധിക ജോലി ഭാരമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഉദ്യോഗസ്ഥരില്ലാത്തതിനാൽ റീ ഇൻസ്പെക്ഷന് പോലും പോകാൻ ആകാത്ത സ്ഥിതി. വകുപ്പിൽ സ്ഥാനംക്കയറ്റം നൽകാത്തതിനാൽ ഉയർന്ന തസ്തികയിൽ വിരമിക്കുന്നവരുടെ ഒഴിവ് നികത്തുന്നുമില്ല. നിയോജകമണ്ഡലങ്ങളെ സർക്കിളായി തിരിച്ചുകൊണ്ടുള്ള നിയമനത്തിന് പകരം വിവിധ സർക്കിളുകളെ ലയിപ്പിച്ച് ഉദ്യോഗസ്ഥ വിന്യാസത്തിലെ പ്രശ്നം പരിഹരിക്കണമെന്നാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ സർക്കാരിന് നൽകിയ ശുപാർശ. ഒഴിവുള്ള ഭക്ഷ്യസുരക്ഷാ ഓഫീസർ തസ്തികയിൽ ഉടൻ നിയമനമുണ്ടാകുമെന്ന് പറയുന്പോഴും ഓഫീസ് അസിസ്റ്റന്‍റുമാരുടെ ഒഴിവ് എപ്പോൾ നികത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

 ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ഏഴാം ദിവസം; പത്ത് കടകൾ പൂട്ടിച്ചു; 65 സ്ഥാപനങ്ങൾക്ക് നോട്ടീസ്
തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 572 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 10 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 65 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 18 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 4 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 7 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1704 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 152 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 531 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 180 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 129 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6069 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4026 പരിശോധനകളില്‍ 2048 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 481 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ 134 സര്‍വയലന്‍സ് സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മന്ത്രി പറഞ്ഞു.

പെയിന്റിന്റെ ബക്കറ്റിൽ ചിക്കൻ, വില്പനയ്ക്ക് ചീഞ്ഞ മത്സ്യം

കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ആകെ 18 സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ നിർദ്ദേശം നൽകിയതായി ഭക്ഷ്യ സുരക്ഷ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന 13 സ്ഥാപനങ്ങൾ, ലൈസൻസ് ഇല്ലാത്ത 5 സ്ഥാപനങ്ങൾ എന്നിവയാണ് അടച്ച് പൂട്ടാൻ നിർദ്ദേശം നൽകിയത്

ഇടുക്കി ജില്ലയിൽ അടിമാലി ആനച്ചാൽ മൂന്നാർ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. ആറ് കടകൾക്കെതിരെ നടപടി.. ലൈസൻസില്ലാത്ത രണ്ട് കടകൾ പൂട്ടിച്ചു. നാല് കടകൾക്ക് പിഴയടയ്ക്കാൻ നോട്ടീസ് നൽകി.മൂന്നിടങ്ങളിൽ ആയി 12 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

കോട്ടയത്ത്‌ ഇത് വരെ 13 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. രണ്ടു കടകൾക്കു നോട്ടീസ് നൽകി. പഴകിയ പാലും, തുറന്നു വച്ച പഴങ്ങളും കണ്ടെത്തിയതിനാണ് നോട്ടീസ്. ഏറ്റുമാനൂർ, പട്ടിത്താനം എന്നിവിടങ്ങളിൽ ആണ് പരിശോധന നടന്നത്. 

കോഴിക്കോട് ജില്ലയിൽ ഇന്നും ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ വ്യാപക പരിശോധന നടന്നു. കുറ്റ്യാടിയിൽ വിൽപ്പനയ്ക്ക് വച്ചിരുന്ന 15 കിലോ ചീഞ്ഞ മത്സ്യം നശിപ്പിച്ചു. 8 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. മാവൂർ റോഡ്, നരിക്കുനി, തീക്കുനി, തുളട്ടുനട, ആയഞ്ചേരി, വില്ല്യാപ്പള്ളി, താമരശ്ശേരി,എന്നിവിടങ്ങളിലായാണ് പരിശോധന നടന്നത്.

കാസർകോട് നഗരത്തിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ സം സം ഹോട്ടലിൽനിന്ന് പിഴയീടാക്കി. പെയിന്റിന്റെ ബക്കറ്റിൽ സൂക്ഷിച്ച ചിക്കനും കാലാവധി കഴിഞ്ഞ പാലും വൃത്തിഹീനമായ അന്തരീക്ഷത്തിൽ സൂക്ഷിച്ച മുട്ടയും കണ്ടെത്തി. പല ഹോട്ടലുകളുടെയും അടുക്കള വൃത്തിഹീനമാണെന്നും കണ്ടെത്തി. വിവിധ കൂൾബാറുകളുനിന്ന് വെള്ളത്തിന്റെ സാംപിളുകൾ ശേഖരിച്ചു. കാസർകോട് ഷവർമ സെന്റർ അടപ്പിച്ചു. പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ KONCHI എന്ന ഷവർമ സെന്ററാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചത്.