സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളിന് മാത്രമേ അവധി പ്രഖ്യാപനമുള്ളുവെന്നും പ്രമുഖരുടെ മക്കള്‍ പഠിക്കുന്ന മറ്റു അണ്‍ ഏയ്ഡഡ്, സിബിഎസ്‍ഇ സ്കൂളുകളിൽ കൃത്യമായി ക്ലാസുകള്‍ നടക്കുന്നുണ്ടെന്നും വിടി ബൽറാം കുറിച്ചു

തിരുവനന്തപുരം: എസ്എഫ്ഐയുടെ ദേശീയ സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രകടനത്തിന് പോകാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹെഡ്‍മാസ്റ്റര്‍ അവധി നൽകിയ സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബൽറാം. ഏഷ്യാനെറ്റ് ന്യൂസിൽ വന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് എസ്എഫ്ഐയെയും സര്‍ക്കാരിനെയും വിമര്‍ശിച്ചുകൊണ്ട് വിടി ബൽറാമിന്‍റെ ഫേസ്ബുക്ക് കുറിപ്പ്.

 വിദ്യാഭ്യാസ മേഖലയിൽ ഇന്നലെ പെട്ടെന്നുണ്ടായ ഏതെങ്കിലും സംഭവത്തിന്‍റെ പേരിൽ വിദ്യാര്‍ത്ഥികള്‍ സ്വമേധയാ നടത്തുന്ന സമരമോ പഠിപ്പു മുടക്കോ ഒന്നുമല്ല ഇതെന്നും ഭരിക്കുന്ന പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയുടെ സമ്മേളനം കൊഴുപ്പിക്കാനാണ് പഠനം മുടക്കി വിദ്യാര്‍ത്ഥികളെ കൊണ്ടുപോയതെന്നും വിടി ബൽറാം വിമര്‍ശിച്ചു. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളിന് മാത്രമേ അവധി പ്രഖ്യാപനമുള്ളുവെന്നും പ്രമുഖരുടെ മക്കള്‍ പഠിക്കുന്ന മറ്റു അണ്‍ ഏയ്ഡഡ്, സിബിഎസ്‍ഇ സ്കൂളുകളിൽ കൃത്യമായി ക്ലാസുകള്‍ നടക്കുന്നുണ്ടെന്നും വിടി ബൽറാം കുറിച്ചു.

എസ്എഫ്ഐ നേതാക്കൾ ആവശ്യപ്പെട്ടത് പ്രകാരമാണ് അവധി നൽകിയതെന്നാണ് ഹെഡ്മാസ്റ്റർ സുനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയത്. വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം നിരസിക്കാൻ കഴിയില്ലെന്നും ഹെഡ്മാസ്റ്റർ പറഞ്ഞു. നേരത്തെ കെഎസ്‌യു സമരത്തിൽ സ്കൂളിന് അവധി നൽകാഞ്ഞതിനെ തുടർന്ന് പ്രതിഷേധം നേരിടേണ്ടിവന്നിരുന്നു. അന്ന് പൊലീസിന്റെ ഭാഗത്തുനിന്നും നിസഹകരണമാണ് ഉണ്ടായതെന്നും ഹെഡ്മാസ്റ്റർ പറഞ്ഞു.

വിടി ബൽറാമിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം:

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും പങ്കെടുത്ത എസ്എഫ്ഐ റാലിക്ക് വിദ്യാർത്ഥികളെ എത്തിക്കാൻ കോഴിക്കോട് സർക്കാർ സ്ക്കൂളിന് ഹെഡ്മാസ്റ്റർ സുനിൽ അവധി നൽകിയിരിക്കുന്നു. എസ്എഫ്ഐ നേതാക്കൾ ആവശ്യമുന്നയിച്ചാൽ പിന്നെ മറ്റ് മാർഗ്ഗമില്ലെന്നാണ് ഹെഡ്മാസ്റ്റർ പറയുന്നത്. എസ്എഫ്ഐയോട് സഹകരിക്കുന്നതല്ലേ നല്ലത് എന്ന് പൊലീസും ചോദിച്ചത്രേ!

നോക്കുക, വിദ്യാഭ്യാസ മേഖലയിൽ ഇന്നലെ പെട്ടെന്ന് ഉണ്ടായ ഏതെങ്കിലും സംഭവത്തിന്‍റെ പേരിൽ വിദ്യാർത്ഥികൾ സ്വമേധയാ നടത്തുന്ന സമരമോ പഠിപ്പ് മുടക്കോ ഒന്നുമല്ല ഇത്. അങ്ങനെയുള്ള വിദ്യാർത്ഥി സമരങ്ങളൊക്കെ ഇതേ അധികാരികൾ തന്നെ മർക്കടമുഷ്ടിയുപയോഗിച്ച് പരാജയപ്പെടുത്താൻ നോക്കാറുണ്ട്. സ്കൂളുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം അനുവദനീയമല്ല എന്നാണ് അതിനൊക്കെ ന്യായമായി പറഞ്ഞിരുന്നത്. എന്നിട്ടാണ് ഇപ്പോൾ ഭരണ രാഷ്ട്രീയ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയുടെ സമ്മേളനം കൊഴുപ്പിക്കാൻ വേണ്ടി പഠനം മുടക്കി സ്കൂൾ വിദ്യാർത്ഥികളെ ബസ്സിൽ കേറ്റിക്കൊണ്ടുപോവുന്നത്. കഴിഞ്ഞ കുറേക്കാലമായി സർക്കാർ പരിപാടികളിലും സിപിഎം പാർട്ടി പരിപാടികളിലും ആളെ തികക്കുന്നത് അംഗൻവാടി ജീവനക്കാരേയും ആശാ വർക്കർമാരേയും തൊഴിലുറപ്പ് തൊഴിലാളികളേയും കുടുംബശ്രീക്കാരേയുമൊക്കെ സമ്മർദ്ദപ്പെടുത്തി പങ്കെടുപ്പിച്ച് കൊണ്ടാണല്ലോ. ആ രീതി തന്നെയാണ് എസ്എഫ്ഐ സമ്മേളനത്തിനും സ്വീകരിക്കുന്നതായി കാണുന്നത്.

ഇതൊക്കെ സിസ്റ്റത്തിന്‍റെ കുഴപ്പമാണ് എന്ന ന്യായീകരണം വരുമായിരിക്കും.

ഏതായാലും സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സർക്കാർ സ്കൂളിന് മാത്രമേ അവധി പ്രഖ്യാപനം ഉള്ളൂ. കോഴിക്കോട് നഗരത്തിലെ പ്രമുഖരുടെ മക്കൾ പഠിക്കുന്ന എല്ലാ അൺ എയ്ഡഡ്, സിബിഎസ്ഇ സ്ക്കൂളുകളിലും കൃത്യമായി ക്ലാസുകൾ നടക്കുന്നു, കുട്ടികൾക്ക് സമാധാനമായി പഠിക്കാൻ അവസരം ലഭിക്കുന്നു.