കോ‍ർപ്പറേഷന്‍റെ നേതൃത്വത്തിലായിരുന്നു നടപടികൾ. എന്നാൽ പുനർനിർമാണത്തിൽ മതിലിന് അസ്ഥിവാരം കെട്ടിയത് അതിരിൽ നിന്ന് സ്കൂൾ ഭൂമിയിലേക്ക് കയറി

കൊച്ചി: അനധികൃതമായി വഴി വീതി കൂട്ടാൻ സ്കൂൾ ഭൂമി കയ്യേറുന്നുവെന്ന് ആരോപിച്ച് കൊച്ചി എളമക്കര സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ വേലികെട്ടി സമരം. പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എന്നാൽ സമരം രാഷ്ട്രീയ പ്രേരിതമാണെന്നാണ് മറുപക്ഷത്തിന്‍റെ വാദം.

കൊച്ചി കോർപ്പറേഷന്‍റെ മേൽനോട്ടത്തിലുള്ളതാണ് എളമക്കരയിലെ സർക്കാർ ഹയർസെക്കൻഡറി സ്കൂൾ. കാലപ്പഴക്കത്തിൽ പൊളിഞ്ഞ് വീഴാറായ സ്കൂളിന്‍റെ ചുറ്റുമതിൽ പുനർനിർമിക്കാനായി ആറ് മാസം മുന്പ് പൊളിച്ചു. കോ‍ർപ്പറേഷന്‍റെ നേതൃത്വത്തിലായിരുന്നു നടപടികൾ. എന്നാൽ പുനർനിർമാണത്തിൽ മതിലിന് അസ്ഥിവാരം കെട്ടിയത് അതിരിൽ നിന്ന് സ്കൂൾ ഭൂമിയിലേക്ക് കയറി. ഇതോടെ തർക്കമായി മതിൽ നിർമാണം നിലച്ചു. സ്കൂളിന് പുറകിലെ റോഡ് വീതി കൂട്ടുന്നതിന് വേണ്ടി കൗൺസിലറുടെ ഒത്താശയോടെയാണ് അനധികൃത നിർമാണം നടത്തിയതെന്നാണ് ആരോപണം.

തർക്ക വഴിയിൽ ആറ് വീട്ടുകാർ താമസമുണ്ട്. വഴിയിലേക്ക് കാർ കയറാത്തതിനാൽ അത്യാവശ്യഘട്ടങ്ങളിൽ രോഗികളെ എടുത്ത് കൊണ്ടുപോവുകയാണ്. ഇതിന് പരിഹാരം കാണാൻ കാനയോട് ചേർന്ന് കിടക്കുന്ന രണ്ട് ഇഞ്ച് ഭൂമി വിട്ടാണ് മതിൽ പണിതത്. റോഡും സ്കൂളും കോർപ്പറേഷന്‍റേതാണ്. ഭൂമി കയ്യേറിയെന്ന ആരോപണം ജില്ലഭരണകൂടം പരിശോധിക്കുകയാണെന്നും സമരക്കാർ എതിർപാ‍ർട്ടിക്കാരാണെന്നും കൗൺസിലർ സീന ഗോകുലൻ പ്രതികരിച്ചു. അതേസമയം പഴയരീതിയിൽ മതിൽ നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ സമരം ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.