ഹിജാബ് വിവാദത്തിനെ തുടർന്ന് സ്‌കൂളിന് സംരക്ഷണം നൽകിയ ഹൈക്കോടതിക്ക് നന്ദി അറിയിച്ച് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഹെലീന ആൽബി. വിദ്യാഭ്യാസ മന്ത്രിക്കും നന്ദി അറിയിച്ചു.

കൊച്ചി: പള്ളുരുത്തി ഹിജാബ് വിവാദത്തിനെ തുടർന്ന് സ്‌കൂളിന് സംരക്ഷണം നൽകിയ ഹൈക്കോടതിക്ക് നന്ദി അറിയിച്ച് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഹെലീന ആൽബി. വിദ്യാഭ്യാസ മന്ത്രിക്കും നന്ദി അറിയിച്ചു. സ്കൂൾ നിയമങ്ങൾ അനുസരിക്കാൻ തയാറാണെങ്കിൽ വിദ്യാർത്ഥിനിക്ക് സ്കൂളിൽ പഠനം തുടരാമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. `സ്‌കൂളിന് സംരക്ഷണം നൽകിയ ഹൈക്കോടതിക്ക് നന്ദി. സ്‌കൂളിലെ നിയമങ്ങൾ അനുസരിച്ച് വിദ്യാർത്ഥിനി വന്നാൽ തുടരാം. കുട്ടികൾക്ക് വേണ്ടതെല്ലാം സ്കൂൾ നൽകുന്നുണ്ട്. കുട്ടി സ്കൂളിൽ നിന്ന് ടിസി വാങ്ങാൻ തീരുമാനിച്ച കാര്യം അറിയില്ല. കോടതിയെയും സർക്കാരിനെയും ബഹുമാനിക്കുന്നു. കോടതിയുടെ മുന്നിലുള്ള വിഷയങ്ങളിൽ നിയമം അതിന്റെ വഴിക്ക് പോകട്ടെ'- സിസ്റ്റർ ഹെലീന ആൽബി പറഞ്ഞു.

കുട്ടി സ്കൂൾ വിടാന്‍ കാരണക്കാരായവർ മറുപടി പറയണമെന്ന് വി ശിവന്‍കുട്ടി

ഹിജാബ് വിവാദത്തില്‍ സ്കൂള്‍ മാനേജ്മെന്‍റിനെതിരെ കടുത്ത വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടി സ്കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയേണ്ടിവരുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിൻസിപ്പാളാണെന്നും വി ശിവൻകുട്ടി വിമര്‍ശിച്ചു. പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്കൂളിൽ തുടരാൻ മകൾക്ക് താൽപര്യമില്ലെന്നും കുട്ടിയെ സ്കൂള്‍ മാറ്റുമെന്നും പിതാവ് അറിയിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. അതേസമയം, പാലക്കാട്ടെ 14 കാരന്‍റെ ആത്മഹത്യയില്‍ വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിഡിഇയുടെ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.