കൊല്ലം എം സി റോഡിൽ കുന്നക്കരയിൽ, അപകടാവസ്ഥയിലായിരുന്ന സൈൻ ബോർഡിലെ ലോഹപ്പാളി അടർന്നുവീണ് സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കുടവട്ടൂർ സ്വദേശി മുരളീധരൻപിള്ളയുടെ കൈപ്പത്തി അപകടത്തിൽ അറ്റു തൂങ്ങി.
കൊല്ലം: എം സി റോഡിൽ സ്ഥാപിച്ചിരുന്ന സൈൻ ബോർഡിലെ ലോഹപ്പാളി അടർന്നുവീണ് സ്കൂട്ടർ യാത്രക്കാരന്റെ കൈപ്പത്തി അറ്റു തൂങ്ങി. കുടവട്ടൂർ അനന്തുവിഹാറിൽ മുരളീധരൻപിള്ള(57)യുടെ കൈപ്പത്തിക്കും വിരലുകൾക്കുമാണ് ഗുരുതരമായ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 3 മണിയോടെ എം സി റോഡിൽ കൊട്ടാരക്കര കുന്നക്കരയിൽ ആണ് സംഭവം. കെഎസ്എഫ്ഇയുടെ കളക്ഷൻ ഏജന്റ് ആയ മുരളീധരൻ പിള്ള ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് കൂറ്റൻ തൂണുകളിൽ സ്ഥാപിച്ചിരുന്ന ലോഹ പാളി അടർന്ന് വീണത്.
നിയന്ത്രണം വിട്ടു സ്കൂട്ടർ മറിയുകയും ചെയ്തു. പരുക്കേറ്റ മുരളീധരൻ പിള്ളയെ കൊട്ടാരക്കര താലൂക്ക് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായ് തിരുവനന്തപുരത്തെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർഷങ്ങളായി അപകടാവസ്ഥയിൽ ആയിരുന്നു ഈ ബോർഡ് ഉണ്ടായിരുന്നത്.
കെഎസ് റ്റി പി യുടെ നേതൃത്വത്തിൽ സ്ഥാപിച്ചിട്ടുള്ള സൈൻ ബോർഡ് ഏറെ നാളായി അപകട ഭീഷണി ഉയർത്തി നിൽക്കുകയായിരുന്നു. ഇനിയും നിരവധി ബോർഡുകൾ ഇത്തരത്തിൽ അപകട ഭീഷണി ഉയർത്തി എം സി റോഡിലുണ്ട്. കെഎസ്ടിപിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടി നടപടി ആവശ്യപ്പെട്ട് മുരളീധരൻപിള്ള കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

