മോഷ്ടിച്ച കേബിളുകൾ എറണാകുളത്ത് കൊണ്ടുപോയി കത്തിച്ച് ചെമ്പ് വേർതിരിച്ച് വിൽപ്പന നടത്തിയതായി പോലീസ് കണ്ടെത്തി.
ചേർത്തല: ആലപ്പുഴയിൽ പൂട്ടിക്കിടന്ന ബിഎസ്എന്‍എല്‍ കസ്റ്റമർ കെയർ ഓഫീസിലെ ടവറിൽ നിന്ന് കേബിളുകൾ മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി സ്വദേശിയായ അജിജുൽ (31), ബെംഗളൂരു സ്വദേശി മുഹമ്മദ് റഹീം (30) എന്നിവരാണ് പിടിയിലായത്. ജൂലൈ 5ന് രാത്രി ചേർത്തല അപ്സര ജംഗ്ഷന് സമീപം പൂട്ടിക്കിടന്ന ബിഎസ്എന്‍എല്‍ ഓഫീസിന്റെ പരിസരത്തുള്ള ടവറിൽ നിന്ന് മുഹമ്മദ് റഹീം കേബിളുകൾ അഴിച്ചെടുത്തു. ശേഷം അജിജുലുമായി ചേർന്ന് കേബിളുകൾ എറണാകുളം വെല്ലിങ്ടൺ ഐലൻഡിലേക്ക് കൊണ്ടുപോയി അവിടെ കത്തിച്ച് ചെമ്പ് കമ്പികൾ വേർതിരിച്ച് തോപ്പുംപടിയിലെ ആക്രി കടയിൽ വിൽപ്പന നടത്തി എന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.
അത് കൂടാതെ, ജൂൺ 9ന് രാത്രി ചേർത്തല കെഎസ്ഇബിയുടെ ഒറ്റപ്പുന്ന പടിഞ്ഞാറുവശം റെയിൽവേ ക്രോസിന് സമീപമുള്ള യൂണിറ്റിൽ കയറി കോപ്പർ കേബിളുകളും അലുമിനിയം സ്വിച്ച് കണക്ടറുകളും മോഷ്ടിച്ചിരുന്നു. പകൽ സമയങ്ങളിൽ മുച്ചക്ര സൈക്കിൾ, പെട്ടിവണ്ടി എന്നിവയിലായി ആക്രി സാധനങ്ങൾ ശേഖരിച്ച് നടക്കുകയും രാത്രി ആളില്ലാത്ത സ്ഥലങ്ങളിൽ നിന്നും വിലയേറിയ മെറ്റൽ വസ്തുക്കൾ മോഷ്ടിക്കുകയും ചെയ്യുന്നത് ഇവരുടെ പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പ്രതികളിൽ അജിജുലിനെ നേരത്തെ കഞ്ചാവ് കൈവശം വച്ചതിന് രണ്ട് തവണ ചേർത്തല പോലീസ് പിടികൂടിയിരുന്നു. മുൻകൂട്ടി നിരീക്ഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടാൻ പൊലീസിന് സാധിച്ചത്. ആക്രി സാധനങ്ങൾ ശേഖരിക്കുന്ന അതിഥി തൊഴിലാളികളെ നിരീക്ഷിച്ചും അവരുടെ പക്കൽ നിന്ന് മോഷണ സാധനങ്ങൾ വാങ്ങുന്നവരെ പിന്തുടർന്നുമാണ് അറസ്റ്റ്. മോഷണത്തിനായി ഉപയോഗിച്ചിട്ടുള്ള വാഹനങ്ങൾ ഉൾപ്പെടെ രണ്ട് സ്ഥലങ്ങളിൽ നിന്ന് മോഷ്ടിച്ച സാധനങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ചേർത്തല അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് ഹരീഷ് ജയിനിന്റെ നേതൃത്വത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. പ്രതികളെ ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-1 ൽ ഹാജരാക്കി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. മറ്റ് സ്ഥലങ്ങളിലേയും സമാന മോഷണങ്ങളിൽ പങ്കുണ്ടോയെന്നു കണ്ടെത്തുന്നതിനായി കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാൻ തയാറെടുക്കുകയാണ് പൊലീസ്. കഴിഞ്ഞ മാസം ദേശീയപാത നിർമ്മാണത്തിനായി ഹൈവേ സൈഡിൽ ഇറക്കി വെച്ച ഇരുമ്പ് കമ്പികൾ മോഷ്ടിച്ച കേസിലും നാല് പേരെ ചേർത്തല പൊലീസ് വല്ലയിയിൽ ക്ഷേത്രത്തിന് സമീപത്തുനിന്നും അറസ്റ്റ് ചെയ്തിരുന്നു.


