തിരുവനന്തപുരം: നെയ്യാർ സഫാരി പാർക്കിൽ നിന്നും രക്ഷപെട്ട കടുവയെ മയക്കുവെടി വെക്കാന്‍ ഡോ. അരുണ്‍ സക്കറിയ നെയ്യാറിലേക്ക്. വയനാട്ടില്‍ നിന്ന് അരുണ്‍ സക്കറിയ ആണ് കടുവയെ പിടികൂടിയത്. വയനാട് നിന്നും സഫാരി പാർക്കിൽ എത്തിച്ച 10 വയസ്സുള്ള കടുവ ഉച്ചയോടാണ് കൂട്ടിൽ നിന്നും രക്ഷപെട്ടത്. ചികിത്സയ്ക്കായി പ്രത്യേകം ക്രമീകരിച്ച കൂടിന്‍റെ കമ്പി വളച്ച് മുകളിൽ കയറിയായിരുന്നു കടുവ രക്ഷപെട്ടത്. വനപാലകർ നടത്തിയ തെരച്ചിലിനൊടുവിൽ വൈകിട്ടോടെ പാർക്കിന്‍റെ പിൻവശത്തായി കടുവയെ കണ്ടെത്തി. എന്നാൽ മയക്കുവെടി വയ്ക്കാനായി പാർക്കിലേക്ക് പോയ സംഘത്തിന് പിന്നീട് കടുവയെ കണ്ടെത്താനായില്ല.

കടുവ ഡാമിലേക്ക് ചാടിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് രാത്രിയോടെ ഡാമിലും തെരച്ചിൽ നടത്തി. എന്നാൽ  20 അടി ഉയരമുള്ള വേലി മറികടന്ന് കടുവ പുറത്തേക്ക് പോകാൻ സാധ്യത ഇല്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.എന്നാൽ വേലിക്കെട്ടുകൾ ദുർബലമാകാനുള്ള സാധ്യത കണക്കിലെടുത്താണ് അഞ്ചംഗ റാപിഡ് ഫോഴ്സ് സംഘം രാത്രിയിൽ തന്നെ തെരച്ചിൽ നടത്തുന്നത്.  ആടിനെ കെട്ടിയിട്ട് കടുവയെ കൂട്ടിലേക്ക് കയറ്റാനും ശ്രമം നടത്തും. പാർക്കിന്‍റെ അതിർത്തിയിൽ ലൈറ്റുകൾ സ്ഥാപിച്ച് രാത്രി മുഴുവൻ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നെയ്യാർ ഡാമിന്‍റെ പരിസര പ്രദേശങ്ങളിൽ എല്ലാം കർശന ജാഗ്രത തുടരുകയാണ്.  അതേസമയം ശക്തമായ കൂട് കടുവ എങ്ങനെ വളച്ചെടുത്തു എന്നത്തിൽ വ്യക്തത ആയിട്ടില്ല. ഇതു സംബന്ധിച്ച് വിശദമായി പരിശോധിക്കും എന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം.