22 വയസ്സുള്ള ജിബ്രാൻ ഖലീൽ, 21 വയസ്സുള്ള അബ്ദുൽ സലാം മവാദ് എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ തിരയിൽപ്പെട്ട് കാണാതായത്. 

കൊച്ചി: എറണാകുളം വൈപ്പിൻ വളപ്പ് ബീച്ചിൽ കാണാതായ യെമന്‍ പൗരന്മാരെ കണ്ടെത്താനായില്ല. ഇന്ന് വീണ്ടും തിരച്ചിൽ തുടരുമെന്ന് പോലീസ് അറിയിച്ചു. 22 വയസ്സുള്ള ജിബ്രാൻ ഖലീൽ, 21 വയസ്സുള്ള അബ്ദുൽ സലാം മവാദ് എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ തിരയിൽപ്പെട്ട് കാണാതായത്. കോയമ്പത്തൂർ രത്നം കോളേജിലെ വിദ്യാർത്ഥികളായ ഒമ്പത് പേർ കേരളം കാണാനെത്തിയതായിരുന്നു. പ്രക്ഷുബ്ധമായ കാലവസ്ഥ ആയതിനാല്‍ കടലിലിറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികള്‍ വിദ്യാര്‍ഥികളോട് പറഞ്ഞെങ്കിലും ഭാഷാപരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാകാം കുട്ടികൾക്ക് കാര്യം മനസിലായില്ലെന്ന് പോലീസ് പറയുന്നു. 

അപകടത്തിൽപ്പെട്ട ഒരാൾ കോയമ്പത്തൂരിലെ കോഴ്സ് പൂർത്തിയാക്കി നാട്ടിൽ മടങ്ങാൻ ഇരിക്കുകയായിരുന്നു. മറ്റുള്ള കുട്ടികളെ സമീപത്തുള്ള ഹോട്ടലിലേക്ക് മാറ്റി. പ്രദേശത്ത് മുൻപും നിരവധി ആളുകളെ കടലില്‍ കാണാതായിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. അടിയന്തരമായി ഈ ബീച്ചിൽ കോസ്റ്റ് ഗാർഡിനെ നിയമിക്കണമെന്ന ആവശ്യവും ഉയരുന്നു.

കണ്ണൂർ അഴീക്കോട്‌ മീൻകുന്നിൽ കടലിൽ കാണാതായ രണ്ട് യുവാക്കൾക്ക് വേണ്ടിയും ഇന്നും തെരച്ചിൽ തുടരും. കടൽ പ്രക്ഷുബ്ധമായതും മോശം കാലാവസ്ഥയും വെല്ലുവിളിയാണ്. ഇന്നലെ വൈകിട്ട് നാല് മണിക്കാണ് വലിയന്നൂർ,പട്ടാനൂർ സ്വദേശികളായ രണ്ട് പേർ കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിപ്പെട്ടത്. കോസ്റ്റൽ പോലീസും മുങ്ങൽ വിദഗ്ധരും തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പാറക്കെട്ടുകൾ നിറഞ്ഞ മീൻകുന്നു കള്ളകടപ്പുറം ബീച്ചിൽ അപകട സാധ്യതയുള്ളതിനാൽ ഇറങ്ങുന്നതിനു വിലക്കുണ്ടായിരുന്നു.

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News