Asianet News MalayalamAsianet News Malayalam

കവളപ്പാറയിൽ നിന്ന് ഇന്ന് കണ്ടെത്തിയത് 2 മൃതദേഹങ്ങൾ; ഇനി കണ്ടെത്താനുള്ളത് 19 പേരെ

സൈനികൻ വിഷ്ണു എസ് വിജയന്‍റെ മൃതദേഹമാണ് നേരത്തെ കണ്ടെത്തിയത്. ഇതോടെ കവളപ്പാറ ഉരുള്‍പ്പൊട്ടലില്‍ മരണം 40 ആയി. ഇനി 19 പേരെയാണ് കണ്ടെത്തേണ്ടത്.

search operations continue in kavalappara
Author
Malappuram, First Published Aug 17, 2019, 6:09 PM IST

മലപ്പുറം(കവളപ്പാറ): ഉരുള്‍പ്പൊട്ടല്‍ വന്‍നാശം വിതച്ച കവളപ്പാറയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതടക്കം ഇന്ന് രണ്ട് മൃതദേഹങ്ങളാണ് കവളപ്പാറയിൽ നിന്ന് കണ്ടെത്തിയത്. സൈനികൻ വിഷ്ണു എസ് വിജയന്‍റെ മൃതദേഹമാണ് നേരത്തെ കണ്ടെത്തിയത്. ഇതോടെ കവളപ്പാറ ഉരുള്‍പ്പൊട്ടലില്‍ മരണം 40 ആയി. ഇനി 19 പേരെയാണ് കണ്ടെത്തേണ്ടത്.

സഹോദരിയുടെ വിവാഹ ചടങ്ങുകൾക്കായി ഉരുൾപൊട്ടൽ ഉണ്ടായതിന്റെ രണ്ട് ദിവസം മുമ്പാണ് വിഷ്ണു നാട്ടിലെത്തിയത്. വിഷ്ണുവിന്‍റെ അച്ഛന്‍റെ മൃതദേഹം കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. 

പതിനഞ്ച് മണ്ണുമാന്തി ഉപയോഗിച്ചാണ് കാണാതായവര്‍ക്കായി കവളപ്പാറയില്‍ തിരച്ചില്‍ നടത്തുന്നത്.  മഴ മാറിനില്‍ക്കുന്നതിനാല്‍ തിരച്ചില്‍ സുഗമമായി നടക്കുന്നുണ്ടെങ്കിലും ചതുപ്പ് പ്രദേശങ്ങളില്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണ്. 

ഇനിയും കണ്ടെത്താനുള്ള 19 പേര്‍ക്കായി ജിപിആര്‍ സംവിധാനം ഉപയോഗിച്ചായിരിക്കും തിരച്ചില്‍ നടത്തുക. നാളെ മുതലായിരിക്കും ജിപിആർ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിൽ തുടങ്ങുക. ഹൈദരാബാദിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഗ്രൗണ്ട് പെനിട്രേറ്റിങ്ങ് റഡാർ സംവിധാനം കരിപ്പൂരിൽ എത്തിച്ചത്. ആറ് ശാസ്ത്രജ്ഞരും ഒപ്പമുണ്ട്. ഇതിനിടെ ആശങ്ക വർധിപ്പിച്ച് ദുരന്തമുണ്ടായിടത്ത് നിന്ന് 500 മീറ്റർ അകലെ വിള്ളൽ കണ്ടെത്തി.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് കവളപ്പാറ മുത്തപ്പൻകുന്നില്‍ ഉരുൾപൊട്ടലുണ്ടായത്. കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടർന്ന് വളരെ വൈകിയാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത്.

അതേസമയം പുത്തുമലയിൽ കഴിഞ്ഞ അഞ്ച് ദിവസമായി നടത്തിയ തിരച്ചിലിലും ഒരു മൃതദേഹം പോലും കണ്ടെത്താനായില്ല. ഇനി ഏഴ് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. ജിപിആർ സംവിധാനം പുത്തുമലയിലും ഉപയോഗിക്കാനും ആലോചനയുണ്ട്. ദുരിതബാധിതരായ ആദിവാസികളെ പുനരധിവസിപ്പിക്കാൻ സർക്കാർ പ്രത്യേക പരിഗണന നൽകും. മറ്റുള്ളവരെ മുണ്ടേരിയിലെ സർക്കാർ ഭൂമിയിൽ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് നസർക്കാർ ആലോചന നടത്തുകയാണ്. 

Follow Us:
Download App:
  • android
  • ios