നേരത്തെ ആണവോർജ ഏജൻസിയുടെ പരിശോധനകൾക്ക് ഇറാൻ വിസമ്മതിച്ചിരുന്നു. ഏകപക്ഷീയമായ ആക്രമണം നേരിടുമ്പോൾ കരാറുകൾ പിന്തുടരേണ്ടതില്ലെന്നാണ് ഇറാന്‍റെ തീരുമാനം.

ടെഹ്റാൻ: ഇറാനിൽ നിർണായക നീക്കവുമായി പരമോന്നത നേതാവ് മുജ്തബ ഖമനെയി. ആണവ പദ്ധതികളും യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട കരാറുകൾ റദ്ദാക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര കരാറുകളും ചട്ടങ്ങളും റദ്ദാക്കിയേക്കും. നേരത്തെ ആണവോർജ ഏജൻസിയുടെ പരിശോധനകൾക്ക് ഇറാൻ വിസമ്മതിച്ചിരുന്നു. ഏകപക്ഷീയമായ ആക്രമണം നേരിടുമ്പോൾ കരാറുകൾ പിന്തുടരേണ്ടതില്ലെന്നാണ് ഇറാന്‍റെ തീരുമാനം. നേരത്തെ യുഎസും ഇറാനും തമ്മിൽ നടന്ന ചർച്ചകളിലും തീരുമാനമാകാതിരുന്നത് യുറേനിയം സമ്പൂഷ്ടീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു. യുഎസ് - ഇറാൻ സംയുക്ത ആക്രമണം തുടരുന്നതിനിടെ എല്ലാ കരാറുകളിലും നിന്ന് പിന്മാറാനാണ് മുജ്തബയുടെ തീരുമാനം.

മുജ്തബയ്ക്ക് പരിക്കേറ്റോ?

അതേസമയം ഇറാനിയൻ മാധ്യമങ്ങളിലെ ചില പരാമര്‍ശങ്ങളുടെ ചുവടു പിടിച്ച് മുജ്തബയ്ക്ക് പരിക്കേറ്റോ എന്നത് സംബന്ധിച്ച് ചര്‍ച്ചകൾ കൊഴുക്കുകയാണ്. പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട് മൂന്ന് ദിവസം പിന്നിട്ടിട്ടും മുജ്തബ ഖമനെയി പൊതുവേദികളിലോ വീഡിയോകളിലോ പ്രത്യക്ഷപ്പെടുന്നില്ല എന്നതാണ് ഒരു വിഭാഗം ഇതിനെ സാധൂകരിക്കാൻ ഉപയോഗിക്കുന്ന വാദം. എന്നാൽ ഇത്തരമൊരു യുദ്ധം നടക്കുമ്പോൾ ഒരു രാജ്യത്തിന്റെ പരമോന്നത നേതാവ് പരസ്യമായി രംഗത്തുവരുമോ എന്നതാണ് മറുചോദ്യം.

ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മുജ്തബയ്ക്ക് പരിക്കേറ്റെന്നാണ് ചില റിപ്പോര്‍ട്ടുകളിൽ പറയുന്നത്. ഫെബ്രുവരി 28-ന് ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണത്തിൽ 56-കാരനായ മുജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ദി ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നത്. ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ട അതേ ആക്രമണത്തിലാണ് മുജ്തബയ്ക്ക് പരിക്കേറ്റതെന്നും നിലവിൽ അദ്ദേഹം രഹസ്യ കേന്ദ്രത്തിൽ തുടരുകയാണെന്നും ‘ന്യൂയോര്‍ക്ക് ടൈംസ്’ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. മുജ്തബയുടെ കാലുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടിൽ പറയുന്നത്. അദ്ദേഹം ഇപ്പോൾ അതീവ സുരക്ഷയുള്ള ഒളിസങ്കേതത്തിലാണെന്നും ആശയവിനിമയത്തിന് നിയന്ത്രണങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഫെബ്രുവരി 28ന് നടന്ന ആക്രമണത്തിൽ മുജ്തബയ്ക്ക് പരിക്കേറ്റെന്ന് കരുതുന്നതായി രണ്ട് ഇസ്രയേലി സൈനിക ഉദ്യോഗസ്ഥരും വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. അലി ഖമനെയിയുടെ ഭാര്യയും ഒരു മകനും ഉൾപ്പെടെ കുടുംബാംഗങ്ങളും നിരവധി സൈനിക ഉദ്യോഗസ്ഥരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.