മാധ്യമസ്ഥാപനത്തിനെതിരെ ഇത്തരം നടപടി എടുക്കാൻ ആർക്കും അധികാരമില്ല. പൊലീസിനെ നിയന്ത്രിക്കുന്നവർ ഇത് കണ്ടില്ലെന്ന് നടിക്കരുതെന്നും സെബാസ്റ്റ്യൻ പോൾ വിമർശിച്ചു.
തിരുവനന്തപുരം: ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിക്കെതിരായ പൊലീസ് നടപടിക്കെതിരെ സെബാസ്റ്റ്യൻ പോൾ. ബിബിസി റെയിഡ് അപലപിച്ചവർ ഇതും അപലപിക്കണമെന്ന് സെബാസ്റ്റ്യൻ പോൾ ന്യൂസ് അവറിൽ പറഞ്ഞു. അപകീർത്തി കേസിൽ പൊലീസ് ഇത്ര സന്നാഹത്തോടെ നീങ്ങണമോ എന്നും സെബാസ്റ്റ്യൻ പോൾ ചോദിച്ചു. മാധ്യമസ്ഥാപനത്തിനെതിരെ ഇത്തരം നടപടി എടുക്കാൻ ആർക്കും അധികാരമില്ല. പൊലീസിനെ നിയന്ത്രിക്കുന്നവർ ഇത് കണ്ടില്ലെന്ന് നടിക്കരുതെന്നും സെബാസ്റ്റ്യൻ പോൾ വിമർശിച്ചു.
മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫീസുകളിൽ പൊലീസ് റെയ്ഡ് നടത്തി മുഴുവൻ കമ്പ്യൂട്ടറുകളും പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരം പട്ടം ഓഫീസിലായിരുന്നു റെയ്ഡ്. 29 കമ്പ്യൂട്ടർ, ക്യാമറകൾ, ലാപ്ടോപ് എന്നിവയാണ് കൊച്ചി പോലീസ് കസ്റ്റഡിയിൽ എടുത്തത് സ്ഥാപനത്തിൽ പ്രവേശിക്കരുത് എന്നും ജീവനക്കാർക്ക് നിർദ്ദേശം നൽകി. രാത്രി 12 മണിയോടെ ആയിരുന്നു നടപടി. മുഴുവൻ ജീവനക്കാരുടെയും ലാപ്ടോപ്പും കസ്റ്റഡിയിൽ എടുത്തു. ഷാജൻ സ്കറിയയെ കണ്ടെത്താനുള്ള പരിശോധന തുടരുന്നതായി കൊച്ചി പോലീസ് അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പലയിടത്തും മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന തുടരുകയാണ്. കൊല്ലത്ത് ശ്യാം എന്ന മറുനാടൻ മലയാളി റിപ്പോർട്ടറെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. എന്നാൽ ശ്യാമിനെ മൊഴി എടുക്കാനായി വിളിപ്പിച്ചതാണെന്ന് പൊലീസ് വ്യക്തമാക്കി.
പിവി ശ്രീനിജൻ എം എൽ എയ്ക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി. മറുനാടൻ മലയാളി ചാനൽ മേധാവി ഷാജൻ സ്കറിയക്കെതിരെ അടക്കം എസ് സി – എസ് ടി പീഡന നിരോധന നിയമം അനുസരിച്ച് കേസ് എടുത്തിരുന്നു. ഇതിൽ ഷാജൻ സ്കറിയ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു.
രാഷ്ടീയ പ്രേരിതമായ കേസാണെന്നും പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമായിരുന്നു കോടതിയിൽ ഹർജിക്കാരന്‍റെ പ്രധാന വാദം. എന്നാൽ പ്രോസിക്യൂഷൻ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഗുരുതരമെന്ന് വിലയിരുത്തിയാണ് ജസ്റ്റീസ് വി. ജി അരുൺ ഹർജി തളളിയത്. എറണാകുളം ജില്ലാ സെഷൻസ് കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു.
'മറുനാടനും മാധ്യമപ്രവർത്തകർക്കും എതിരായ നടപടി കേട്ടുകേൾവിയില്ലാത്തത്!', ചർച്ചകൾ ഉയരുമ്പോൾ!

