Asianet News MalayalamAsianet News Malayalam

സെന്‍കുമാര്‍ പ്രസ് ക്ലബിലെത്തിയത് ഗുണ്ടകളുമായി, നിലവിട്ട പെരുമാറ്റം മാധ്യമ പ്രവർത്തകരോട് വേണ്ട; മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെ

വാർത്താസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകൻ കടവിൽ റഷീദിനോട് മോശമായി പെരുമാറിയ മുൻ ഡിജിപി  ടിപി സെൻകുമാർ മാപ്പു പറയണമെന്ന് മാധ്യമപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. 

Senkumar came  with goons KuWJ demands apology
Author
Kerala, First Published Jan 16, 2020, 6:43 PM IST

തിരുവനന്തപുരം: വാർത്താസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകൻ കടവിൽ റഷീദിനോട് മോശമായി പെരുമാറിയ മുൻ ഡിജിപി  ടിപി സെൻകുമാർ മാപ്പു പറയണമെന്ന് മാധ്യമപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. ഗുണ്ടകളുമായാണ് അദ്ദേഹം വാർത്താ സമ്മേളനത്തിന് എത്തിയത്.  

അവർ റഷീദിനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇവർക്കെതിരെ പൊലീസ് കേസ് എടുക്കണം. മാധ്യമ പ്രവർത്തകരുടെ സഹിഷ്ണുത കൊണ്ടു മാത്രമാണ് വലിയ  അനിഷ്ട സംഭവമായി  ഇത് മാറാത്തത്. വാർത്താ സമ്മേളനം നടത്തുന്നവരും മാധ്യമ പ്രവർത്തകരും ഒഴികെ ആരും വാർത്താ സമ്മേളന ഹാളിൽ പ്രവേശിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം.  

അനാരോഗ്യം മറന്നു മാധ്യമ പ്രവർത്തനം നടത്തുന്നയാളാണ് റഷീദ്. അദ്ദേഹത്തിന് എല്ലാ ഐക്യഐക്യദാർഢ്യവും  യൂണിയൻ പ്രഖ്യാപിക്കുന്നു. സെൻകുമാറിന്റെ നിലവിട്ട പെരുമാറ്റം ഇനിമേൽ മാധ്യമ പ്രവർത്തകരോട് വേണ്ട.  ഈ സംഭവത്തെ ഒരിക്കൽക്കൂടി അപലപിക്കുന്നതായും യൂണിയൻ വ്യക്തമാക്കി.

വെള്ളാപ്പള്ളി നടേശനെതിരായ  വാർത്താസമ്മേളനത്തിനിടെ, ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് മുൻ ഡിജിപി ടി പി സെൻകുമാർ തട്ടിക്കയറുകയായിരുന്നു.  സെൻകുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഒരു പാതകമാണെന്ന ചെന്നിത്തലയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യമാണ് സെൻകുമാറിനെ ചൊടിപ്പിച്ചത്. താങ്കൾ ഡിജിപിയായിരുന്നപ്പോൾ ഈ വിഷയത്തിൽ എന്ത് ചെയ്തുവെന്ന് കൂടി ചോദിച്ചപ്പോൾ സെൻകുമാർ ക്ഷുഭിതനായി. 

"

പിൻ നിരയിൽ നിന്ന് ചോദ്യം ചോദിച്ച ആളോട്  പത്രക്കാരനാണോ എന്ന് ചോദിച്ച സെന്‍കുമാര്‍ അയാൾ പത്രക്കാരനല്ലെങ്കിൽ പുറത്തുപോകാൻ ആവശ്യപ്പെട്ടു. ഇയാൾ മദ്യപിച്ചിട്ടുണ്ടോയെന്നും സെൻകുമാർ സംശയം പ്രകടിപ്പിച്ചു. മുമ്പിൽ വന്ന് ചോദിക്കാൻ ആവശ്യപ്പെട്ട സെന്‍കുമാര്‍ മാധ്യമ പ്രവർത്തകനാണെന്നതിന് തെളിവ് നൽകണമെന്ന് പറഞ്ഞു. 

ഇതോടെ മാധ്യമ പ്രവര്‍ത്തകന്‍ മുമ്പിലേക്ക് നീങ്ങി. സംസാരിക്കുന്നത് കണ്ടാൽ മദ്യപിച്ച് സംസാരിക്കുന്നത് പോലെ തോന്നും എന്ന സെൻകുമാറിന്‍റെ പരാമർശത്തിന് ചോദ്യം ചോദിക്കുന്നവരോട് ഇങ്ങനെയാണോ സംസാരിക്കുകയെന്ന് മാധ്യമപ്രവര്‍ത്തകന്‍ മറുചോദ്യം ചോദിച്ചു. ഇതിനിടെയായിരുന്നു കൂടെയുണ്ടായിരുന്നു ചിലർ ചേർന്ന് ചോദ്യം ചോദിച്ചയാളെ പുറത്താക്കാനും കയ്യേറ്റം ചെയ്യാനും ശ്രമം നടത്തിയത്.

KUWJ സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന

തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് ഗുണ്ടായിസം കാണിച്ച മുൻ പോലീസ് മേധാവി ടി പി സെൻകുമാറിന്റെ നടപടിയെ KUWJ അതിശക്തമായി അപലപിക്കുന്നു. പണ്ടിരുന്ന കസേരയുടെ ഹുങ്കിൽ എക്കാലവും ലോകത്തെ വിറപ്പിച്ചു നിർത്താമെന്നു കരുതുന്നവർ സ്വപ്നലോകത്തുനിന്നു താഴേക്കിറങ്ങിവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഏകാധിപത്യത്തിെൻറ വിട്ടുമാറാത്ത അസ്കിതയിൽ, തങ്ങൾ പറയുന്നതു മാത്രം കേട്ടെഴുതാനുള്ള ഏറാൻമൂളികളാണു മാധ്യമപ്രവർത്തകർ എന്നു ചിന്തിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണു ജീവിക്കുന്നതെന്നു മാത്രമേ പറയാൻ കഴിയൂ. വാർത്താസമ്മേളനത്തിൽ ശക്തമായ ചോദ്യം ഉന്നയിക്കുന്ന മാധ്യമപ്രവർത്തകനെ ബലം പ്രയോഗിച്ചു പുറത്താക്കാനും തിരിച്ചറിയൽ രേഖ നോക്കാനും ശ്രമിക്കുന്ന അധികാരത്തിെൻറ ആക്രോശം സാക്ഷര കേരളം ഒന്നടങ്കം അവജ്ഞയുടെ ചവറ്റുകുട്ടയിൽ തള്ളേണ്ടതുണ്ട്. മാധ്യമപ്രവർത്തകരുെട ആസ്ഥാനത്ത് ശാരീരിക വൈഷമ്യങ്ങളുള്ള ഒരു മാധ്യമപ്രവർത്തകനെ കൈയേറ്റം ചെയ്യാൻ പരസ്യമായി ആഹ്വാനം ചെയ്ത മുൻ ഡി.ജി.പി ടി.പി സെൻകുമാറിനെതിരെ കേസെടുക്കുകയാണു പൊലീസ് ചെയ്യേണ്ടത്.

താൻ പറയാൻ വന്നതു മാത്രമേ മാധ്യമപ്രവർത്തകൻ ചോദിക്കാൻ പാടുള്ളൂ എന്ന ശാഠ്യത്തിലൂടെ അധികാരപ്രമത്തതയുടെ നേർ അവകാശിയാണ് താൻ എന്ന് സെൻകുമാർ തെളിയിക്കുകയാണ്. ചോദ്യത്തിന് മറുപടി നൽകാതിരിക്കാൻ വാർത്താസമ്മേളനം നടത്തുന്നയാൾക്കു സ്വാതന്ത്ര്യം ഉണ്ടെങ്കിലും ചോദ്യത്തിന് വിലങ്ങിടാൻ ആർക്കും അധികാരമില്ല. എന്തു പിൻബലത്തിലായാലും ആ അധികാരം വകവെച്ചുകൊടുക്കാൻ മാധ്യമ സമൂഹത്തിനു സൗകര്യപ്പെടില്ല. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏതു നേതാക്കളോടും ചോദ്യങ്ങൾ ഉന്നയിച്ചുതന്നെയാണ് മാധ്യമപ്രവർത്തനം മുന്നോട്ടുപോകുന്നത്. അതറിയാത്ത ആളല്ല സെൻകുമാർ. എന്നിട്ടും തികഞ്ഞ ധാർഷ്ട്യം പ്രകടിപ്പിക്കുകയായിരുന്നു മുൻ ഡിജിപി.

വാർത്താസമ്മേളന ഹാളിൽ ക്രിമിനൽ മനസ്സുള്ള അനുയായിക്കൂട്ടത്തെ നിറച്ചിരുത്താൻ ആരാണ് ഇയാൾക്ക് അനുവാദം നൽകിയത്? ഇഷ്ടമില്ലാത്ത ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകനോട് ഇവിടെ വരൂ എന്ന് ആജ്ഞാപിക്കാനും പിടിച്ചുപുറത്താക്കാൻ നിർദേശിക്കാനും മുൻ ഡി.ജി.പിക്കെന്നല്ല ഒരാൾക്കും ഒരു ഭരണഘടനയും അധികാരം നൽകിയിട്ടിെല്ലന്നും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി റജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും പ്രസ്താവനയിൽ ഒാർമിപ്പിച്ചു

Follow Us:
Download App:
  • android
  • ios