സംസ്ഥാനത്ത് വാഹനാപകടങ്ങളുടെ പരമ്പര തന്നെ സംഭവിച്ച ദിവസമായിരുന്നു ഇന്ന്. 4 ജീവനുകളാണ് പല അപകടങ്ങളിലായി ഇന്ന് നിരത്തിൽ പൊലിഞ്ഞത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങളുടെ പരമ്പര തന്നെ സംഭവിച്ച ദിവസമായിരുന്നു ഇന്ന്. 4 ജീവനുകളാണ് പല അപകടങ്ങളിലായി ഇന്ന് നിരത്തിൽ പൊലിഞ്ഞത്. പാലക്കാട് നിയന്ത്രണം വിട്ട കാർ റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ചുകയറിയതിനെ തുടര്‍ന്ന് ​ഗൃ​ഹനാഥൻ മരിച്ചു. ആലത്തൂർ കിഴക്കേത്തറ കണ്ണനാണ് മരിച്ചത്. കാർ നേരെ വന്ന് ചായക്കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്ന് ദൃക്സാക്ഷി പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. രാവിലെ ഏഴരയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായി തകർന്നു. ​ഗുരുവായൂരിൽ നിന്നും പാലക്കാടേക്ക് പോകുന്ന കാറാണ് അപകടത്തിൽപെട്ടത്. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബമാണ് കണ്ണന്റേത്. ഭാര്യ കാൻസർ രോ​ഗിയാണ്. രാവിലെ 4 മുതൽ 7 മണിവരെ ചായക്കട നടത്തും. പിന്നീട് കൂലിപ്പണിക്ക് പോയാണ് കണ്ണൻ കുടുംബ പുലർത്തിയിരുന്നത്. ഒരു കുടുംബത്തിന്റെ ഏക അത്താണിയാണ് അപകടത്തിലൂടെ ഇല്ലാതായത്

എറണാകുളം ദേശീയ പാതയിൽ ആലുവ പറവൂർ കവലയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ആലങ്ങാട് സ്വദേശി റാഷിദ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. റാഷിദ് സഞ്ചരിച്ച സ്കൂട്ടറിൽ ടോറസ് ഇടിച്ചായിരുന്നു അപകടം. സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ റാഷിദിന്റെ ശരീരത്തിലൂടെ ടോറസ് കയറിയിറങ്ങി.

കോഴിക്കോട് താമരശ്ശേരിയിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. താമരശ്ശേരി അമ്പായത്തോട് മീനംകുളത്തുചാൽ റോഷൻ ജേക്കബ്, വണ്ടിയിൽ ഉണ്ടായിരുന്ന തെങ്ങുകയറ്റ തൊഴിലാളി അനിയാച്ചൻ എന്നിവർക്കാണ് പരുക്കേറ്റത്. റോഷൻ്റെ നില അതീവ ഗുരുതരമാണ്. റോഷൻ ഓടിച്ചിരുന്ന ജീപ്പിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. ജീപ്പ് അമിത വേഗതയിൽ ആയിരുന്നുവെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 

മലപ്പുറം പെരിയമ്പലത്ത് ടോറസ് ലോറിയിടിച്ച് കാൽനട യാത്രികൻ മരിച്ചു. തങ്ങൾപടി റോഡിൽ താമസിക്കുന്ന ചക്കപൊന്നത്ത് കൃഷ്ണൻ (65) ആണ് മരിച്ചത്. ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അണ്ടത്തോട് പെരിയമ്പലത്ത് വെച്ചാണ് ടോറസ് ലോറി അപകടം ഉണ്ടായത്. രാമച്ച പാടത്തേക്ക് പോകുന്നതിനായി ബസ് സ്റ്റോപ്പിലേക്ക് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ടോറസ് ലോറി കൃഷ്ണനെ ഇടിച്ചത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലപ്പുറം മഞ്ചേരിയിൽ ഓട്ടോയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. നാല് വിദ്യാർത്ഥികൾക്ക് പരിക്ക്
ആരുടേയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ 9:50 ഓടെ മഞ്ചേരി ചരണിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ കുട്ടികളെ ഉടൻതന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കുട്ടികളുമായി സ്കൂളുകളിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്.

പത്തനംതിട്ട കോന്നി മുരിങ്ങമംഗലത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രികനായ ഐരവൺ സ്വദേശി അജിത്താണ് (27) മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു അപകടം. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിരിക്കുകയാണ് ഇന്ന് രാവിലെ അജിത്ത് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനും ചികിത്സയിലാണ്. 

തിരുവനന്തപുരം തമ്പാനൂരിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഫ്ലൈ ഓവറിൽ വച്ച് സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസുകളിലുണ്ടായിരുന്നവർക്ക് മുഖത്താണ് പരുക്കേറ്റത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. അപകടത്തെ തുട‍ർന്ന് പ്രദേശത്ത് ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates