തൃശൂർ പൊലീസ് അക്കാദമി, കൊല്ലം എ ആർ ക്യാമ്പ്, തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളജ് എന്നിവിടങ്ങളിൽ വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചാണ് ധനകാര്യ പരിശോധനാ വിഭാഗം അന്വേഷിച്ചത്
തിരുവനന്തപുരം: പൊലീസ് വാഹനങ്ങള്‍ അംഗീകൃതമല്ലാത്ത വർക് ഷോപ്പുകളിൽ വ്യാപകമായി അറ്റകുറ്റപണി നടത്തുന്നുവെന്ന് ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ റിപ്പോർട്ട്. വാഹനങ്ങള്‍ പരിപാലിക്കുന്നതില്‍ മോട്ടോർ ടെക്നിക്കൽ വിഭാഗത്തിന് ഗുരുതര പിഴവ് സംഭവിച്ചിട്ടുണ്ട്. കൊല്ലം എ ആർ ക്യാമ്പിലെ വാഹന അറ്റകുറ്റപ്പണികളെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും പരിശോധന വിഭാഗം ശുപാർശ ചെയ്തു.
തൃശൂർ പൊലീസ് അക്കാദമി, കൊല്ലം എ ആർ ക്യാമ്പ്, തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളജ് എന്നിവിടങ്ങളിൽ വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചാണ് ധനകാര്യ പരിശോധനാ വിഭാഗം അന്വേഷിച്ചത്. പൊലീസിൽ വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കും പരിപാലനത്തിനുമായി പ്രത്യേക വിങ്ങുണ്ട്. പക്ഷെ ഈ വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നാണ് പരിശോധനാ വിഭാഗത്തിന്‍റെ വിലയിരുത്തൽ. എംടി വിഭാഗത്തിന് തന്നെ പരിഹാരിക്കാൻ കഴിയുന്ന പല ജോലികളും പുറത്തു നൽകുന്നു. പുറത്തു നൽകുകയാണെങ്കിൽ അംഗികൃത വർക് ഷോപ്പുകളുടെ പാനൽ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ പാനലിന് പുറത്തുള്ള നിരവധി സ്ഥാപനങ്ങളിൽ അറ്റകുറ്റപ്പണികള്‍ ചെയ്തിട്ടുള്ളതായി കണ്ടെത്തി.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ച് വകുപ്പു തല നടപടി സ്വീകരിക്കണമെന്നാണ് ഒരു പ്രധാനപ്പെട്ട ശുപാർശ. കൊല്ലം എ ആർ ക്യാമ്പിലെ വാഹനങ്ങള്‍ അംഗീകൃതമല്ലാത്ത വര്‍ക് ഷോപ്പുകളിൽ അറ്റകുറ്റ പണി നടത്തിയതിൽ അസ്വാഭാവികതയുണ്ട്. ഇതിൽ വിജിലൻസ് അന്വേഷണം വേണം. വാഹനങ്ങള്‍ കൃത്യമായി പരിപാലിക്കാത്തതിനാൽ അറ്റകുറ്റപ്പണികള്‍ക്ക് വലിയ തുക സർക്കാർ ഖജനാവിൽ നിന്നും ചെലവാകുന്നു. പല വാഹനങ്ങള്‍ക്കും ഇന്ധന ക്ഷമതയില്ലെന്നും കണ്ടെത്തി. പുതിയ വാഹനങ്ങളെ കുറിച്ച് സാങ്കേതിക വിദഗ്ദരും ഡ്രൈവർമാരും വാഹന നിര്‍മാതാക്കളിൽ നിന്ന് പരിശീലനം നേടണം. ഡ്രൈവർ ഇൻസ്പെക്ടർ തസ്തികയിലേക്ക് നേരിട്ടുള്ള റിക്രൂട്ട്മെന്‍റ് വേണമെന്നും ശുപാര്‍ശ ചെയ്യുന്നു.



