അറുനൂറ് കോടിയുടെ നിർമൽ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസ് അന്വേഷിക്കാനില്ലെന്ന് സിബിഐ. തമിഴ്നാട്ടിലും കേരളത്തിലുമായി നടന്ന തട്ടിപ്പിൽ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും, ഇത് പ്രായോഗികമല്ലെന്ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയം അറിയിക്കുകയായിരുന്നു.

ദില്ലി : വിവാദമായ നിർമൽ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസ് അന്വേഷിക്കാനില്ലെന്ന് സിബിഐ. തമിഴ്നാട്ടിലും കേരളത്തിലുമായി അറുനൂറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്ന കേസിൽ സിബിഐ അന്വേഷണം പ്രായോഗികമല്ലെന്ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം മാർച്ചിലാണ് സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് കൈമാറിയിരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

കന്യാകുമാരി ജില്ലയിലെ പളുകൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച നിർമൽ കൃഷ്ണ നിധി ലിമിറ്റഡിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് സിബിഐ പിന്മാറ്റം. തമിഴ്നാട്ടിലും കേരളത്തിലുമായി സ്ഥാപനം അറുനൂറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ജില്ലയിലും നിരവധി കേസുകളെടുത്തു. വൻ പലിശ വാഗ്ദാനം ചെയ്തും സ്വർണം ഈടുവാങ്ങി വായ്പ നൽകി ആഭരണങ്ങൾ കൈക്കലാക്കിയും നിക്ഷേപം സ്വീകരിച്ചു. തിരികെ നൽകാതെ സ്ഥാപനം അടച്ചുപൂട്ടി. സ്ഥാപന ഉടമ നിർമലനായിരുന്നു പ്രധാന പ്രതി. കേരള ക്രൈംബ്രാഞ്ചും തമിഴ്നാട് പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുളള വിഭാഗവും കേസ് ഏറ്റെടുത്തു. എന്നാൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് തട്ടിപ്പിന് ഇരയായവർ പരാതിപ്പെട്ടിരുന്നു. പ്രതികളുടെ സ്വത്ത് വിവരങ്ങൾ കുറച്ചുകാണിച്ചെന്നും ഏറ്റെടുക്കുന്നതിൽ വീഴ്ചയുണ്ടായെന്നും ആക്ഷേപമുണ്ടായി. പ്രതികൾക്ക് രാഷ്ട്രീയനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയുണ്ടെന്നും ആരോപണമുയർന്നു.

വിദേശത്തേക്ക് കോടികൾ കടത്തിയെന്നും സംശയിക്കുന്നതിനാൽ സിബിഐ അന്വേഷണം വേണമെന്ന് നിക്ഷേപകർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ അപേക്ഷയിൽ സിബിഐ അന്വേഷണത്തിന് കഴിഞ്ഞ വർഷം മാർച്ചിൽ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ഇതിനുളള മറുപടിയിലാണ് സിബിഐ അന്വേഷണം പ്രായോഗികമല്ലെന്ന കേന്ദ്ര സർക്കാർ അറിയിപ്പ്. ഏറിയ പങ്കും സാധാരണക്കാരായ നിക്ഷേപകർക്ക് ഇനിയും തുക തിരിച്ചുകിട്ടിയിട്ടില്ല.ഒന്നിലധികം സംസ്ഥാനങ്ങളിലോ വിദേശ രാജ്യങ്ങളുമായോ ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകൾ സിബിഐക്ക് കൈമാറണമെന്ന ബഡ്സ് ആക്ടിലെ വ്യവസ്ഥപ്രകാരം അന്വേഷണം വേണമെന്ന ആവശ്യമാണ് കേന്ദ്രം നിരാകരിച്ചത്.