കഴിഞ്ഞ സാമ്പത്തിക വർഷം 86295.723 മെട്രിക് ടൺ അജൈവ മാലിന്യം ശേഖരിച്ച് ഹരിതകർമ്മസേന ശ്രദ്ധേയ മുന്നേറ്റം നടത്തി. ഈ പ്രവർത്തനത്തിലൂടെ 11.49 കോടി രൂപ വരുമാനം നേടുകയും സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. 37,481 വനിതകളുടെ ഈ കൂട്ടായ്മ മാലിന്യത്തെ വരുമാനമാക്കി മാറ്റുകയാണ്.
തിരുവനന്തപുരം: സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ ഹരിതകര്‍മ സേനയുടെ ശ്രദ്ധേയ മുന്നേറ്റം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 86295.723 മെട്രിക് ടണ്‍ അജൈവ മാലിന്യം ശേഖരിച്ച് ക്ളീന്‍ കേരള കമ്പനിക്ക് കൈമാറിയതു വഴി കേരളത്തിന്‍റെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിതകര്‍മസേന കരുത്തു പകര്‍ന്നു. 2024-25 സാമ്പത്തിക വര്‍ഷം ആകെ 50190 മെട്രിക് ടണ്‍ മാലിന്യമാണ് ശേഖരിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 2025-26 സാമ്പത്തിക വര്‍ഷം 36106.723 മെട്രിക് ടണ്‍ മാലിന്യം കൂടുതല്‍ ശേഖരിച്ചു.
സംസ്ഥാനത്താകെ പ്രവര്‍ത്തിക്കുന്ന 4438 യൂണിറ്റുകളില്‍ അംഗങ്ങളായ 37481 വനിതകളുടെ കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നില്‍. ജലാശയങ്ങളിലേക്കും പൊതു നിരത്തുകളിലേക്കും വലിച്ചെറിയപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന അജൈവമാലിന്യമാണ് ഇവര്‍ ശേഖരിച്ച് ശാസ്ത്രീയ സംസ്ക്കരണത്തിനായി കൈമാറിയത്. മാലിന്യ സംസ്ക്കരണത്തിലും പൊതുജനാരോഗ്യ പരിപാലനത്തിലും ഹരിതകര്‍മസേന നിര്‍ണായക പങ്കു വഹിക്കുന്നു. തരംതരിച്ച മാലിന്യം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയതു വഴി 11.49 കോടി രൂപയാണ് ഹരിതകര്‍മ സേനയ്ക്ക് ലഭിച്ച വരുമാനം.
മാലിന്യ ശേഖരണവും സംസ്ക്കരണവും മികച്ച രീതിയില്‍ നടത്തുന്ന യൂണിറ്റുകള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന വരുമാനം കൂടുതല്‍ വനിതകളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നുണ്ട്. കൂടാതെ ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഈ രംഗത്ത് നാനൂറിലേറെ സൂക്ഷ്മസംരംഭങ്ങളും പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തെ രൂക്ഷമായ മാലിന്യ പ്രശ്നത്തിന് വികേന്ദ്രീകൃത രീതിയില്‍ പരിഹാരം കാണുന്നതിന് രൂപീകരിച്ച സംവിധാനമാണ് ഹരിതകര്‍മ സേന. മാലിന്യത്തെ വരുമാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഹരിതകര്‍മസേനയുടെ രൂപീകരണം.


