കൊയിലാണ്ടിയിൽ മാലിന്യം തരംതിരിക്കുന്നതിനിടെ ഹരിതകർമ്മസേന അംഗങ്ങൾ ചാക്കിനുള്ളിൽ നിന്ന് പെരുമ്പാമ്പിനെ കണ്ടെത്തി. തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഇവർ, സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് നഗരസഭയ്ക്ക് പരാതി നൽകി.

കോഴിക്കോട്: കൊയിലാണ്ടിയിൽ ഹരിതകർമ്മസേന അംഗങ്ങൾ മാലിന്യം തരംതിരിക്കുന്നതിനിടെ കവറിനുള്ളിൽ നിന്ന് പെരുമ്പാമ്പ് ചാടിവന്ന സംഭവത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടി വേണമെന്ന് ഹരിതകർമ്മസേനാംഗങ്ങളുടെ ആവശ്യം. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് പാമ്പ് കൊത്താതെ രക്ഷപ്പെട്ടതെന്ന് ഇവർ വ്യക്തമാക്കുന്നു. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സാധാരണയായി റോഡ് സൈഡിലാണ് സൂക്ഷിക്കാറുള്ളത്. അവയുടെ കൂട്ടത്തിലാണ് ഈ ചാക്കും ആരോ കൊണ്ടുവെച്ചത്. കമ്പി വെച്ച് കെട്ടിയ നിലയിലായിരുന്നു ചാക്കുണ്ടായിരുന്നത്.

ചെറിയ കെട്ടായതിനാലാണ് കരാർ കമ്പനി ഇത് എടുക്കാതിരുന്നത്. തുടര്‍ന്ന് ഹരിതകർമ്മസേനാംഗങ്ങൾ കമ്പികെട്ട് അഴിച്ച് നിവർത്തി നോക്കിയപ്പോഴാണ് ഉള്ളിൽ പെരുമ്പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടയുടൻ ഇവർ കവർ താഴെയിട്ട് പെട്ടെന്ന് മാറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ നഗരസഭയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഉത്തരവാദികളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും ഹരിതകർമ്മസേനാംഗം ആവശ്യപ്പെട്ടു. തങ്ങൾ എല്ലാവർക്കും വേണ്ടിയാണ് ഈ ജോലി ചെയ്യുന്നതെന്ന കാര്യം പൊതുജനങ്ങൾ ഓർക്കണമെന്നും സേനാംഗങ്ങൾ ഓർമ്മിപ്പിച്ചു.