കോട്ടയം: പനച്ചിക്കാട് ക്ഷേത്രത്തിലെ സേവാഭാരതി ഊട്ടുപുര സന്ദര്‍ശിച്ചത് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവും സ്ഥലം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പനച്ചിക്കാട് ക്ഷേത്രത്തെ ഒരിക്കലും രാഷ്ട്രീയമായി ഉപയോഗിക്കരുത്. പനച്ചിക്കാട് ക്ഷേത്രം തന്റെ മണ്ഡലത്തിലാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണോ കാര്യങ്ങളെല്ലാം നടത്തുന്നതെന്നും പരിശോധിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അതുകൊണ്ടാണ് താനിവിടെ എത്തിയതെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം എഴുത്തിനിരുത്തല്‍ സ്ഥലത്തേക്ക് എത്തിയ അദ്ദേഹം പിന്നീട് ഊട്ടുപുരയിലേക്ക് പോയി സേവാഭാരതി പ്രവര്‍ത്തകരുമായി സംസാരിച്ചു. പിന്നീടാണ് മാധ്യമപ്രവര്‍ത്തകെ കണ്ടത്.  

നേരത്തെ സേവാഭാരതി ഊട്ടുപുര തിരുവഞ്ചൂര്‍ സന്ദര്‍ശിച്ചത് ഏറെ വിവാദമായിരുന്നു. ഒക്ടോബര്‍ 17ന് നവരാത്രി ആഘോഷവേളയിലായിരുന്നു അന്നത്തെ സന്ദര്‍ശനം. അന്നും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് എത്തിയതെന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. കോണ്‍ഗ്രസ് നേതാവായ തിരുവഞ്ചൂര്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയെന്ന് സിപിഎം നേതാവ് കോടിയേരി അടക്കമുള്ളവര്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

എന്നാല്‍, അമ്പലത്തില്‍ പോയാല്‍ ആര്‍എസ്എസ് ആകുമോ എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അമ്പലത്തില്‍ നിന്ന് പറഞ്ഞതനുസരിച്ചാണ് താന്‍ അന്നദാന മണ്ഡപത്തില്‍ പോയത്. അമ്പലത്തില്‍ പോയാല്‍ ആര്‍എസ്എസ് ആകുമോയെന്നും പനച്ചിക്കാട് ക്ഷേത്രത്തില്‍ എല്ലാ മതസ്ഥരും പോകാറുണ്ടെന്നുമായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. ഏത് ആര്‍എസ്എസ് നേതാവുമായാണ് താന്‍ ചര്‍ച്ച നടത്തിയതെന്ന് കൂടി കോടിയേരി പറയണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു.