ഇതോടെ സംസ്ഥാനത്ത് ആകെ 240 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍ക്യുഎഎസ് അംഗീകാരം ലഭിച്ചു

കല്‍പ്പറ്റ: വയനാട് ബേഗൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഉൾപ്പെടെ സംസ്ഥാനത്തെ ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍റേഡ്സ് (എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 98.79 ശതമാനം മാർക്ക് നേടി മികച്ച നിലയിലാണ് ബേഗൂരിന് അംഗീകാരം ലഭിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

പാലക്കാട് കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രം (97.63 ശതമാനം), കോഴിക്കോട് കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം (90.75 ശതമാനം), കാസര്‍കോട് ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രം (86.88 ശതമാനം), കോഴിക്കോട് പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രം (95.08 ശതമാനം), കാസര്‍കോട് പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം (85.88 ശതമാനം), കോഴിക്കോട് ചാലിയം കുടുംബാരോഗ്യ കേന്ദ്രം (94.47 ശതമാനം) എന്നിവയാണ് പുതുതായി എന്‍ക്യുഎഎസ് അംഗീകാരം ലഭിച്ച മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ.

ഇതോടെ സംസ്ഥാനത്ത് ആകെ 240 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍ക്യുഎഎസ് അംഗീകാരം ലഭിച്ചു. ഇതുകൂടാതെ 14 ആശുപത്രികള്‍ക്ക് ദേശീയ ലക്ഷ്യ സര്‍ട്ടിഫിക്കേഷനും അഞ്ച് ആശുപത്രികള്‍ക്ക് ദേശീയ മുസ്‌കാന്‍ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ഏഴ് ജില്ലാ ആശുപത്രികള്‍, അഞ്ച് താലൂക്ക് ആശുപത്രികള്‍, 12 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 160 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 10 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍ക്യുഎഎസ് അംഗീകാരം നേടിയിട്ടുണ്ട്.

എന്‍ക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്‍റെ പുന:പരിശോധനയുണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍ക്യുഎഎസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപ വീതവും ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്‍റീവ് ലഭിക്കും.