റഫീഖ്, ഹരിഗോവിന്ദ്, മഹേഷ്, മുഹമ്മദ് ആസാദ്, ശ്രീജിത്ത്, ജയേഷ്, വൈശാഖ് എന്നീ പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. 

പാലക്കാട്: എആര്‍ ക്യാംപിലെ പൊലീസുദ്യോഗസ്ഥന്‍ കുമാറിന്‍റെ ആത്മഹത്യയില്‍ വകുപ്പുതല നടപടി. കുമാറിന്‍റെ ആത്മഹത്യയില്‍ ആരോപണ വിധേയരായ എഴ് പൊലീസുദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായി പാലക്കാട് ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം അറിയിച്ചു. കുമാറിന്‍റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായും അദ്ദേഹം അറിയിച്ചു. 

[റഫീഖ്, ഹരിഗോവിന്ദ്, മഹേഷ്, മുഹമ്മദ് ആസാദ്, ശ്രീജിത്ത്, ജയേഷ്, വൈശാഖ് എന്നീ പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. പൊലീസുകാര്‍ക്ക് ക്വര്‍ട്ടേഴ്സ് അനുവദിച്ചതില്‍ ചില ക്രമക്കേടുകള്‍ നടന്നതായും കുമാറിന്‍റെ സാധനങ്ങള്‍ സഹപ്രവര്‍ത്തകര്‍ അദ്ദേഹം അറിയാതെ മാറ്റിയതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ജി.ശിവവിക്രം അറിയിച്ചു. സംഭവത്തില്‍ പ്രാരംഭ നടപടികള്‍ മാത്രമാണ് ഇതുവരെ സ്വീകരിച്ചത്. വിശദമായ അന്വേഷണത്തിന് ശേഷം കൃത്യമായ നടപടികള്‍ ഉണ്ടാവുമെന്നും എസ്.പി അറിയിച്ചു. 

കുമാര്‍ ജാതീയമായ ആക്ഷേപത്തിന് ഇരയായെന്നും സഹപ്രവര്‍ത്തകരില്‍ മര്‍ദ്ദനമേറ്റെന്നുമുള്ള ആരോപണങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താനായില്ലെന്ന് എസ്.പി പറഞ്ഞു. എന്നാല്‍ കുടുംബാംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടക്കം വിശദമായ അന്വേഷണം ഉണ്ടാവുമെന്ന് എസ്.പി ഉറപ്പു നല്‍കി. ക്രൈംബ്രാഞ്ച് അന്വേഷണം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ വകുപ്പുതല നടപടികളും ഉണ്ടാവുമെന്ന് പാലക്കാട് എസ്.പി വ്യക്തമാക്കി.