ഇരിങ്ങാലക്കുടയിൽ 91കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും കഠിന തടവും പിഴയും ശിക്ഷ
തൃശൂർ: ഇരിങ്ങാലക്കുട സ്വദേശിനിയായ തൊണ്ണൂറ്റിയൊന്നുകാരിയായ വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തി സ്വർണമാല കവർച്ച ചെയ്‌ത കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 15 വർഷം കഠിന തടവും ഒരു ലക്ഷത്തി മുപ്പത്തയ്യായിരം രൂപ പിഴയും. പാലക്കാട് ജില്ലയിലെ ആലത്തൂർ കിഴക്കുംഞ്ചേരി സ്വദേശി അവിഞ്ഞിക്കാട്ടിൽ വിജയകുമാർ (40) എന്ന ബിജുവിനെയാണ് കോടതി ശിക്ഷിച്ചത്. ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് വിവീജ സേതുമോഹൻ ആണ് വിധി പ്രസ്താവിച്ചത്.
2022 ആഗസ്റ്റ് മാസം 3 ന് വീട്ടിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന വയോധികയെ അടുക്കളയിൽ നിന്നും ബലമായി പിടിച്ചു കൊണ്ടു പോയി റൂമിൽ വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കഴുത്തിൽ അണിഞ്ഞിരുന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വർണ മാല ബലമായി ഊരിയെടുത്തു. ഇരിങ്ങാലക്കുട പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 29 സാക്ഷികളേയും 52 രേഖകളും 21 തൊണ്ടിവസ്‌തുക്കളും ഹാജരാക്കി. അതിജീവിത സംഭവത്തിനു ശേഷം 8 മാസത്തിനകം മരിച്ചു. സംഭവ സ്ഥലത്തു നിന്നും ലഭിച്ച പ്രതിയുടെ രോമങ്ങൾ സംബന്ധിച്ച ശാസ്ത്രീയ തെളിവുകളും പ്രതിയുടെ കുറ്റസമ്മത മൊഴി പ്രകാരം കണ്ടെടുത്ത സ്വർണ മാലയും കേസിൽ പ്രധാന തെളിവായി. കൂടാതെ സംഭവ സ്ഥലത്തെ സമീപവാസിയുടെ മൊഴിയും പ്രതി സഞ്ചരിച്ചിരുന്ന മോട്ടോർ ബൈക്കും മറ്റും പ്രതിക്ക് എതിരായ തെളിവായി.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്‌സൺ ഓഫീസർ ടി ആർ രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. അന്നത്തെ ഇരിഞ്ഞാലക്കുട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനീഷ് കരീം, ജി.എസ്.ഐ മാരായ കെ.ആർ.സുധാകരൻ, കെ.വി.ജസ്റ്റിൻ, എ.എസ്.ഐ മെഹറുന്നീസ എന്നവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. എസ്.എച്ച്.ഒ അനീഷ് കരീം ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം ബലാത്സംഗ കുറ്റത്തിനും കവർച്ചയ്ക്കും ഇരട്ട ജീവപര്യന്തം വിധിച്ചു. ഭവന ഭേദന കുറ്റത്തിന് 10 വർഷം കഠിന തടവും സ്ത്രീത്വത്തെ അപമാനിച്ചതിന് 5 വർഷം കഠിന തടവും കൂടാതെ ഒരു ലക്ഷത്തി മുപ്പത്തയ്യായിരം രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 16 മാസത്തെ കഠിന തടവുമാണ് വിധിച്ചത്. പ്രതിയെ തൃശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്‌തു. പിഴ സംഖ്യ ഈടാക്കിയാൽ അതിജീവിതയുടെ അനന്തരാവകാശികൾക്ക് നഷ്ടപരിഹാരമായി നൽകുവാൻ ഉത്തരവിൽ വ്യവസ്ഥയുണ്ട്.


