ലൈംഗികാതിക്രമക്കേസില്‍ സംവിധാകന്‍ രഞ്ജിത്തുമായി പൊലീസിന്‍റെ തെളിവെടുപ്പ്. കുറ്റകൃത്യം നടന്ന ഫോര്‍ട്ടു കൊച്ചിയിലെ സിനിമാ സെറ്റിലും നടിയുടെ മൊഴിയില്‍ പറഞ്ഞ ക്യാരവാനിലുമെത്തിച്ച് തെളിവെടുത്തു. നാളെ വരെ കസ്റ്റഡിയുണ്ടെങ്കിലും ഇന്ന് തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതോടെ വീണ്ടും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

എറണാകുളം: ലൈംഗികാതിക്രമക്കേസില്‍ സംവിധാകന്‍ രഞ്ജിത്തുമായി പൊലീസിന്‍റെ തെളിവെടുപ്പ്. കുറ്റകൃത്യം നടന്ന ഫോര്‍ട്ടു കൊച്ചിയിലെ സിനിമാ സെറ്റിലും നടിയുടെ മൊഴിയില്‍ പറഞ്ഞ ക്യാരവാനിലുമെത്തിച്ച് തെളിവെടുത്തു. മൂന്നു ദിവസമായി ജയിലില്‍ തുടരുന്ന രഞ്ജിത്തിന്‍റെ റിമാന്‍ഡ് അടുത്ത ആഴ്ച വരെ നീട്ടി. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് രഞ്ജിത്ത് പൊലീസിന് മുന്നില്‍ ആവര്‍ത്തിച്ചു. സിനിമാ സെറ്റില്‍ സംവിധായകന്‍ രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്ന യുവനടിയുടെ പരാതിയിലെടുത്ത കേസില്‍ ഇന്നലെയാണ് രഞ്ജിത്തിനെ പൊലീസിന് കസ്റ്റ‍ഡിയില്‍ കിട്ടിയത്. 

മൂന്ന് ദിവസത്തെ കസ്റ്റഡി പൂര്‍ത്തിയാവും മുന്‍പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംവിധായകനെ ഇന്ന് സിനിമയുടെ ചിത്രീകരണം നടന്ന ഫോര്‍ട്ട് കൊച്ചിയില്‍ എത്തിച്ചത്. ആസ്പിന്‍ വാളിലെ ലൊക്കേഷനില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കാരവാനിനുള്ളില്‍ വെച്ച് തന്നോട് മോശമായി പെരുമാറി എന്നാണ് നടിയുടെ മൊഴി. ഈ ക്യാരവാന്‍ പൊലീസ് കണ്ടെടുത്ത് എ ആര്‍ ക്യാംപില്‍ എത്തിച്ചിരുന്നു. അതിനുള്ളില്‍ എത്തിച്ചും തെളിവെടുത്തു. നാളെ വരെ കസ്റ്റഡിയുണ്ടെങ്കിലും ഇന്ന് തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതോടെ വീണ്ടും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തിയാണ് രഞ്ജിത്ത് എന്ന് അഭിഭാഷന്‍ മജിസ്ട്രേറ്റിന് മുന്നില്‍ പറഞ്ഞു. രഞ്ജിത്തിന്‍റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ഗുഢാലോചനയും വ്യാജ പരാതിയുമാണെന്നും രഞ്ജിത്ത് ഇന്നലെയും പൊലീസ് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു. നടിക്ക് വേഷം കൊടുക്കാത്തതിലുള്ള പകയാണെന്നും രഞ്ജിത്ത് പറഞ്ഞു. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനോടൊപ്പം സംഭവ സമയം സെറ്റില്‍ ഉണ്ടായിരുന്നവരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തുന്നുണ്ട്. ലൈംഗികാതിക്രമം, സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍, അശ്ലീല ആംഗ്യങ്ങള്‍ കാണിക്കല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

YouTube video player