രാഹുൽ മാങ്കൂട്ടത്തിലിനോട് തത്കാലം എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടില്ല. കേസിന്റെ ഗതി പാര്‍ട്ടി നിരീക്ഷിക്കും. കേസിൽ പാര്‍ട്ടിക്ക് ബാധ്യതയില്ലെന്നാണ് നേതാക്കളുടെ നിലപാട്.
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തത്കാലം കൂടുതൽ നടപടിയെടുക്കേണ്ടേന്ന് കോണ്‍ഗ്രസ് നേതൃത്വത്തിൽ ധാരണ. രാഹുൽ മാങ്കൂട്ടത്തിലിനോട് എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടില്ല. കേസിന്റെ ഗതി പാര്‍ട്ടി നിരീക്ഷിക്കും. കേസിൽ പാര്‍ട്ടിക്ക് ബാധ്യതയില്ലെന്നാണ് നേതാക്കളുടെ നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വന്ന പരാതിയും കേസും സ്വര്‍ണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം കെണിയെന്ന് പറഞ്ഞ പ്രത്യാക്രമണവും നേതാക്കള്‍ തുടങ്ങി.
സസ്പെന്‍ഷനിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇനി എടുക്കാവുന്ന നടപടി പാര്‍ട്ടിയിൽ നിന്ന് പുറത്താക്കുകയെന്നതാണ്. കടുത്ത നടപടി വേണമെന്നാവശ്യം പാര്‍ട്ടിയിൽ ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. നടപടിക്കാര്യത്തിൽ ഭിന്നത നിലനിൽക്കുമ്പോഴും പുറത്താക്കലിലേക്ക് തത്കാലം പോകേണ്ടെന്നാണ് പ്രധാന നേതാക്കളുടെ കൂടിയാലോചനയിലുണ്ടായ ധാരണ. പരാതി നൽകി രീതിയും തുടര്‍ സംഭവവികാസങ്ങളും കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുന്‍ഷി ഹൈക്കമാൻ്റിനെ അറിയിയിച്ചിട്ടുണ്ട്. തുടര്‍ നടപടി വേണോയെന്ന് തീരുമാനം ഹൈക്കമാൻഡ് ഇപ്പോള്‍ കെപിസിസിക്ക് വിടുകയാണ്. പരാതി വന്നയുടനെ നടപടിയെടുക്കേണ്ടെന്നും കേസിന്‍റെയും അന്വേഷണത്തിന്‍റെയും പോക്ക് എങ്ങനെയന്ന് നോക്കി തീരുമാനിക്കാമെന്നുമാണ് ധാരണ. കേസിനെ പ്രതിരോധിക്കേണ്ട ബാധ്യത രാഹുലിന് മാത്രമെന്നാണ് നേതാക്കളുടെ പക്ഷം.
ആരോപണം വന്നപ്പോഴേ സസ്പെന്‍ഡ് ചെയ്തില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്നാണ് സതീശൻ അനുകൂലികളുടെ ചോദ്യം. നടപടിയുടെ പേരിൽ സതീശനെ ഒറ്റപ്പെടുത്തിയെങ്കിലും കേസ് വരുമ്പോള്‍ പാര്‍ട്ടി പിടിച്ചു നിൽക്കുന്നത് ഇതുകൊണ്ടെന്നാണ് വാദം. പരാതിയെക്കുറിച്ച് ഇന്നലെ മാധ്യമങ്ങളോട് പ്രതിപക്ഷ നേതാവ് പ്രതികരിച്ചില്ല. നടപടി വകവയ്ക്കാതെ രാഹുൽ ഇറങ്ങിയതിലും അതിനെ പിന്തുണച്ച് നേതാക്കള്‍ പ്രതികരിച്ചതും പ്രശ്നം വഷളാക്കിയെന്ന വിമര്‍ശനവും ഒരു വിഭാഗത്തിനുണ്ട്. ബാധ്യതയില്ലെന്ന് പറഞ്ഞൊഴിയുമ്പോഴും കൈപ്പത്തി ചിഹ്നത്തിൽ ജയിച്ച എംഎൽഎയ്ക്കെതിരായ കേസ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇതിനെ മറികടക്കാൻ പ്രത്യാക്രമണമാണ് വഴിയെന്ന് അഭിപ്രായം കൂടിയാലോചനയിലുണ്ടായി. പരാതി കൊടുത്ത സമയവും രീതിയും പറഞ്ഞ് പിന്നിൽ സിപിഎം ഗൂഢാലോചനയുണ്ടെന്ന് ആരോപിക്കുകയാണ് നേതാക്കള്‍. സ്വര്‍ണക്കൊള്ളയെക്കുറിച്ച് പറയുമ്പോഴും ബലാത്സംഗക്കേസിലെ പൊലീസിന്‍റെ തുടര്‍ നീക്കങ്ങളും, നേരിടാൻ രാഹുൽ എടുക്കുന്ന നിയമ നടപടിയുടെ ഗതിയും നേതൃത്വം നിരീക്ഷിക്കുന്നുണ്ട്.



