ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യ ഹർജി നൽകി രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യ ഹർജി നൽകി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത് പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നാണ്. എന്നാല്‍ പീഡനാരോപണം രാഹുല്‍ നിഷേധിക്കുകയാണ്. ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല എന്ന് ഹര്‍ജിയില്‍ പറയുന്നു. കൂടാതെ യുവതിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ് എന്നും അന്വേഷണവുമായി സഹകരിക്കും അത് നേരത്തെ പറഞ്ഞിട്ടുള്ളതാണ് എന്നും ഹർജിയില്‍ പറയുന്നു. കൂടാതെ പൊലീസിന്‍റെ അതിവേഗ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുലിന്‍റെ ഹര്‍ജിയിലുണ്ട്. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കാനുള്ള സാധ്യത കുറവാണ് എന്നാണ് വിവരം.
കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുക. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് അന്വേഷണത്തിന് നേതൃത്വം നൽകും. ഡിസിപിയും ഒരു അസിസ്റ്റന്റ് കമ്മീഷണറും ഉൾപ്പെടുന്നതാകും സംഘം. ഉത്തരവ് വൈകുന്നേരം ഇറങ്ങുമെന്നാണ് വിവരം. തിരുവനന്തപുരം റൂറൽ മേഖലയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ പരിധിയിലുള്ള നേമം സ്റ്റേഷൻ പരിധിയിലാണ് കുറ്റകൃത്യം നടന്നത് എന്നുള്ളത് കൊണ്ടാണ് നേമം സ്റ്റേഷനിലേക്ക് എഫ്ഐആര്‍ കൈമാറിയിരിക്കുന്നത്. നേമം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് രഹസ്യമൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്ന് കാര്യത്തിൽ തീരുമാനമായിട്ടില്ല. ക്രമസമാധാന ചുമതലയുളള എഡിജിപി ആയിരിക്കും ഉത്തരവ് പുറത്തിറക്കുക.


