ഇ എം സുരേഷ് ബാബുവിനെതിരായ ലൈംഗികാരോപണത്തിൽ ഡിജിപിക്ക് ലഭിച്ച പരാതി തുടർനടപടികൾക്കായി പാലക്കാട് പൊലീസിന് കൈമാറി. പീഡനവിവരം മറച്ചുവെച്ചതിന് മുഖ്യമന്ത്രി പിണറായി വിജയൻ, എം വി ഗോവിന്ദൻ എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യമുണ്ട്.
പാലക്കാട്: പാലക്കാട് സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇ എം സുരേഷ് ബാബുവിനെതിരായ ലൈംഗികാരോപണം നിയമ നടപടിയിലേക്ക്. കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ ഡിജിപിക്ക് നൽകിയ പരാതി അന്വേഷണത്തിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. പീഡന ആരോപണത്തില്‍ സുരേഷ് ബാബുവിനെതിരെയും പീഡനം മറച്ചുവെച്ചതിന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർക്കെതിരെയും കേസെടുക്കണമെന്നും പരാതിയിൽ ആവശ്യമുയർന്നിരുന്നു. പാലക്കാട് പൊലീസിന് പരാതി കൈമാറിയെന്ന് ഡിജിപിയുടെ ഓഫീസ് ജോൺ ഡാനിയേലിനെ അറിയിച്ചു.
സംഘടനാ സമ്മേളനത്തിൽ പങ്കെടുക്കുവാൻ വനിത അഭിഭാഷക പാലക്കാട് സി പി എം ജില്ല കമ്മിറ്റി ഓഫീസിൽ എത്തിയപ്പോൾ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. ഒരു വർഷത്തോളമായി ഫോണിലും പുറത്തും ശല്യപ്പെടുത്തൽ തുടർന്നതോടെയാണ് ഡിജിറ്റൽ തെളിവ് സഹിതം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് യുവതി പരാതി നൽകിയതെന്നും പറയുന്നു. തുടക്കത്തിൽ പ്രശ്‌നം ഒതുക്കി തീർക്കാൻ ശ്രമം ഉണ്ടായെങ്കിലും പൊലീസിൽ പരാതി നൽകുമെന്ന് യുവതി നിലപാട് കടുപ്പിച്ചു. ഇതോടെ പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് സുരേഷ് ബാബുവിനെ നീക്കിയതെന്നാണ് വിവരം. ദിവസങ്ങൾക്ക് മുമ്പ് സുരേഷ് ബാബുവിനെ പിണറായി വിജയൻ കോഴിക്കോട്ടേക്ക് നേരിട്ട് വിളിച്ചു വരുത്തി. പരാതി വായിച്ചു കേൾപ്പിച്ചപ്പോൾ സുരേഷ് ബാബു നിഷേധിച്ചു. അപ്പോഴാണ് വാട്സ് ആപ് വീഡിയോ കോളിലൂടെ നടത്തിയ അശ്ലീല ദൃശ്യങ്ങൾ സുരേഷ് ബാബുവിനെ കാണിച്ചത്. പിന്നാലെ സുരേഷ് ബാബുവിനോട് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ പിണറായി ആവശ്യപ്പെട്ടു. എന്നാൽ ലൈംഗിക പരാതിയുടെ പേരിൽ മാറ്റിയെന്ന് പുറത്തു വരരുതെന്ന് സുരേഷ് ബാബു ആവശ്യപ്പെട്ടെന്നാണ് വിവരം. അതേസമയം, സുരേഷ് ബാബുവിനെതിരെ ഉയർന്ന ആരോപണം സ്ഥിരീകരിക്കാൻ സിപിഎം ഇതുവരെ തയാറായിട്ടില്ല.
