തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ കെഎസ്‍യു നടത്തുന്ന സമരത്തെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രം​ഗത്ത്. യൂണിവേഴ്സിറ്റി കോളേജിന്റെ അന്തസ്സ് തകർത്തത് എസ്എഫ്ഐ ആണെന്നും അവരെ നിലയ്ക്ക് നിലനിർത്താൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിൽ നടക്കുന്ന് ഒരുകാര്യത്തെക്കുറിച്ചും മുഖ്യമന്ത്രിക്ക് അറിയില്ല. നാട്ടിൽ നടക്കുന്ന ഒന്നും അറിയാതെ മുഖ്യമന്ത്രി അന്ധനും ബധിരനുമായി മാറരുത്. സമരം മുന്നോട്ട് പോകുകയാണ്. സമാധാനപരമായി തന്നെ സമരം തുടരും. കേരളത്തിലെ ജനത ഒറ്റക്കെട്ടായി സമരത്തിന് പിന്തുണ നൽകുന്നുണ്ട്. കേരളത്തിലെ വിദ്യാർഥികളുടേയും യുവാക്കളുടേയും പിന്തുണ സമരത്തിനുണ്ട്.

ജനവികാരം മനാസ്സിലാകാതെ പ്രവർത്തിക്കുന്ന ഭരണകൂടമാണ് കേരളത്തിനുള്ളതെന്നാണ് ഏറ്റവും വലിയ ദുരിയോഗം. സമരം ചെയ്യുന്ന വിദ്യാർഥികളോട് സർക്കാർ ഇങ്ങനെ അല്ല പെരുമാറേണ്ടതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷത്തിന്‍റെയും പരീക്ഷാ ക്രമക്കേടിന്‍റെയും പശ്ചാത്തലത്തിൽ പരിഹാരം ആവശ്യപ്പെട്ടാണ് സെക്രട്ടേറിയേറ്റിന് മുന്നിൽ കെഎസ്‍യു സമരം നടത്തുന്നത്. 

അതേസമയം, സമരം ചെയ്യുന്നവർക്ക് എന്തിനാണ് സമരം നടത്തുന്നതെന്ന് അറിയില്ലെന്നായിരുന്നു കെഎസ്‍യുവിന്റെ സമരത്തെ പരിഹസിച്ച് പിണറായിയുടെ പരാമാർശം. യൂണിവേഴ്‌സിറ്റി കോളേജ് അവിടെ പ്രവര്‍ത്തിക്കരുതെന്നാണ് ആവശ്യമെങ്കില്‍ അത് നടക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവില്‍ കൂട്ടിച്ചേര്‍ത്തു. കോളേജ് അവിടെ നിന്ന് മാറ്റണമെന്ന കെഎസ്‌‍യുവിന്റെ ആഗ്രഹം നടക്കില്ല. സമരം ചെയ്യുന്നവരുടെ നേതാക്കൾ ഭരിച്ചപ്പോൾ പോലും അത് നടന്നിട്ടില്ല. തെറ്റിനെ തെറ്റായി കാണുമെന്നും പരാതികളിൽ ശക്തമായ അന്വേഷണം നടക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.