Asianet News MalayalamAsianet News Malayalam

പരീക്ഷയില്‍ നടന്നത് വന്‍തട്ടിപ്പെന്ന് പിഎസ്‍സി: റാങ്ക് പട്ടികയിലെ എസ്എഫ്ഐ നേതാക്കളെ അയോഗ്യരാക്കി

പിഎസ്‍സി പരീക്ഷയില്‍ എസ്എഫ്ഐ നേതാക്കള്‍ ക്രമക്കേട് നടത്തിയെന്ന് പിഎസ്‍സി സ്ഥിരീകരിച്ചു. യൂണിവേഴ്‍സിറ്റി കോളേജിലെ മൂന്ന് എസ്എഫ്ഐ നേതാക്കള്‍ റാങ്ക് പട്ടികയില്‍ നിന്നും പുറത്ത്. 

SFI leaders expelled from psc Rank List
Author
Thiruvananthapuram, First Published Aug 5, 2019, 8:11 PM IST

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥി അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കളെ പിഎസ്‍സി റാങ്ക് പട്ടികയില്‍ നിന്നും പുറത്താക്കി. യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളും അഖില്‍ വധശ്രമക്കേസ് പ്രതികളുമായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെയാണ് പിഎസ്‍സിയുടെ കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്നും നീക്കീയത്. ഇവര്‍ മൂന്ന് പേരും സാങ്കേതികമായി പരീക്ഷ തട്ടിപ്പ് നടത്തിയെന്ന് പിഎസ്‍സി സ്ഥിരീകരിക്കുന്നു. 

പിഎസ‍്‍സി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് എസ്എഫ്ഐ നേതാക്കള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടാക്കാമെന്ന സംശയം ബലപ്പെടുത്തുന്നതെന്ന് ഇതു സംബന്ധിച്ച അറിയിപ്പില്‍ പറയുന്നു. പരീക്ഷസമയത്ത് ഇവര്‍ മൂന്ന് പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന. പരീക്ഷയുടെ ഉത്തരങ്ങള്‍ ഇവര്‍ക്ക് എസ്എംഎസായി ലഭിച്ചുവെന്നാണ് നിഗമനം. 

പിഎസ്‍സി ചോദ്യപേപ്പര്‍ ചോര്‍ത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത് എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. യൂണിവേഴ്‍സിറ്റി കോളേജിലെത്തിയ ശേഷം അധ്യാപകരുടെ സഹായത്തോടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയിരിക്കാനുള്ള സാധ്യതയാണ് പിഎസ്‍സി വിജിലന്‍സ് തള്ളിക്കളയുന്നില്ല.  ചോദ്യപേപ്പര്‍ വാട്സാപ്പ് വഴി മൂവര്‍ക്കും ലഭിച്ചിരിക്കാം എന്ന നിഗമനത്തിലാണ് വിജിലന്‍സ് സംഘം ഇപ്പോള്‍.  കേരള പൊലീസിന്‍റെ സൈബര്‍ വിഭാഗവുമായി സഹകരിച്ചാണ് പിഎസ്‍സി വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തിയത്. മൊബൈല്‍ ഫോണ്‍ സ്മാര്‍ട്ട് വാച്ചുമായി കണക്ട് ചെയ്ത് തട്ടിപ്പ് നടത്തിയിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. 

 പരീക്ഷക്കിടെ മൂന്ന് പേരുടെ മൊബൈല്‍ ഫോണുകളിലേക്കും നിരവധി തവണ എസ്എംഎസുകള്‍ വന്നുവെന്നും ഇതേക്കുറിച്ച് കേസെടുത്ത് വിശദമായി അന്വേഷിക്കാനും പിഎസ്‍സി ശുപാര്‍ശ ചെയ്യുന്നു, പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്നും നീക്കിയത് കൂടാതെ മൂവരേയും ആജീവനാന്ത കാലത്തേക്ക് പിഎസ്‍സി പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. 

കാസര്‍ഗോഡ് പൊലീസ് ക്യാംപിലേക്കുള്ള പരീക്ഷയാണ് നടന്നതെങ്കിലും ഇവര്‍ മൂന്ന് പേരും തിരുവനന്തപുരത്തെ മൂന്ന് കേന്ദ്രങ്ങളില്‍ ഇരുന്നാണ് പരീക്ഷ എഴുതിയത്.  എന്നാല്‍ മൂന്ന് പേര്‍ക്കും ഒരേസമയം മൊബൈല്‍ ഫോണുകളിലേക്ക് എസ്എംഎസായി എത്തി. പുറത്തു നിന്നുള്ള മറ്റാരുടെയോ സഹായം ഇവര്‍ക്ക് ഇതിനായി ലഭിച്ചുവെന്നാണ് സംശയിക്കുന്നത്. പരീക്ഷയുടെ ചോദ്യങ്ങള്‍ ഇവര്‍ എങ്ങനെ പുറത്തേക്ക് അയച്ചൂ എന്നതും ദുരൂഹമാണ്. വരും ദിവസങ്ങളില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന വിവരങ്ങളാണ് പിഎസ്‍സി വിജിലന്‍സ് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിലൂടെ പുറത്തു വരുന്നത്. 

Follow Us:
Download App:
  • android
  • ios