ലഹരി മാഫിയയ്ക്കെതിരായ വാർത്ത എങ്ങനെ സർക്കാരിനെതിരാകുമെന്നും വിഷ്ണുനാഥ് ചോദിച്ചു. ബിബിസിയിൽ നടന്ന റെയ്ഡിന് പിന്നാലെ സിപിഎം കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പുണ്ട്. ആ പ്രസ്താവനയിൽ മോദി എന്ന ഭാഗം ഒഴിവാക്കി പിണറായിയെന്നും ഇഡി എന്ന ഭാഗം ഒഴിവാക്കി കേരള പൊലീസ് എന്നുമാക്കിയാൽ ആ നോട്ടീസ് അതേ പോലെ തന്നെ ഇറക്കാം

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറി പ്രവര്‍ത്തനം തടസപ്പെടുത്തിയ വിഷയം സഭയില്‍ ഉന്നയിച്ച് പി സി വിഷ്ണുനാഥ് എംഎല്‍എ. ലഹരി സംഘങ്ങൾക്കെതിരെ വാര്‍ത്ത വന്നാൽ അതിൽ വിറളി പിടിക്കേണ്ടത് ലഹരി മാഫിയക്കല്ലേ, എന്തിനാണ് എസ്എഫ്ഐക്ക് ഇത്ര പ്രതിഷേധം. സർക്കാരിനെതിരായ ഗൂഢാലോചന എന്നാണ് ഏഷ്യാനെറ്റിനെതിരായ എഫ്ഐആറിൽ പറയുന്നത്.

ലഹരി മാഫിയയ്ക്കെതിരായ വാർത്ത എങ്ങനെ സർക്കാരിനെതിരാകുമെന്നും വിഷ്ണുനാഥ് ചോദിച്ചു. ബിബിസിയിൽ നടന്ന റെയ്ഡിന് പിന്നാലെ സിപിഎം കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പുണ്ട്. ആ പ്രസ്താവനയിൽ മോദി എന്ന ഭാഗം ഒഴിവാക്കി പിണറായിയെന്നും ഇഡി എന്ന ഭാഗം ഒഴിവാക്കി കേരള പൊലീസ് എന്നുമാക്കിയാൽ ആ നോട്ടീസ് അതേ പോലെ തന്നെ ഇറക്കാം. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിന് ഇന്നലെ രാത്രി വാട്സാപ്പ് വഴി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നി‍ര്‍ദ്ദേശം നൽകി.

തിരുവനന്തപുരത്തുള്ള മാധ്യമ പ്രവര്‍ത്തകയെ ഫോണ്‍ വിളിക്കുക പോലും ചെയ്യാതെ ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കോഴിക്കോട് എത്താൻ ആവശ്യപ്പെട്ട് ഇന്നലെ രാത്രി 9.30ന് വാട്സാപ്പിൽ മെസേജ് അയക്കുകയാണ് ചെയ്യുന്നതെന്ന് വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. എസ്എഫ്ഐ ഭരണ പാർട്ടിക്ക് വേണ്ടി ഗുണ്ടാപ്പണി ചെയ്യുകയാണ്. ആരാണ് എസ്എഫ്ഐക്ക് സെൻസർഷിപ്പ് ചുമതല നൽകിയത്. എത്ര ഭീഷണി ഉണ്ടായാലും എസ്എഫ്ഐ ഗുണ്ടാ പണി ചെയ്തത് എന്ന് തന്നെ പറയും.

ഏഷ്യാനെറ്റ് ന്യൂസിന് നേരെയുള്ള അതിക്രമം ഒരു മുന്നറിയിപ്പാണ്. സർക്കാരിനെതിരെയുള്ള വാർത്തകൾ നൽകരുത് എന്ന് എല്ലാ മാധ്യമങ്ങൾക്കുമുള്ള മുന്നറിയിപ്പാണത്. പഞ്ച പുച്ഛമടക്കി ഇരിക്കണം എന്നാണ് മുന്നറിയിപ്പ്. ഇ പി ജയരാജൻ പറഞ്ഞതുപോലെ പിണറായി വിജയൻ ഐശ്വര്യം എന്ന് എല്ലാ മാധ്യമ സ്ഥാപനങ്ങളുടെയും മുമ്പിൽ ബോര്‍ഡ് എഴുതണമെന്നാണ് അവരുടെ നിലപാട്. വിനു വി ജോണിനു എതിരെ നേരത്തെ പൊലീസ് കേസ് എടുത്തത് പരോക്ഷ പരാമർശത്തിന്റെ പേരിലാണ്. ചർച്ചയിലെ പരോക്ഷ പരാമാശത്തിന്റെ പേരിൽ കേസെടുത്ത കാര്യം അദ്ദേഹം അറിയുന്നത് പാസ്പോര്‍ട്ട് പുതുക്കാൻ പോയപ്പോൾ മാത്രമാണ്.

രഹസ്യമായിട്ടാണ് കേസ് എടുത്തത്. ചാനൽ ചർച്ചയിൽ നടക്കുന്ന പരോക്ഷ പരാമർശത്തെ പോലും ഉൾക്കൊള്ളാനാകാത്ത അസഹുഷ്ണുത നാട് അംഗീകരിക്കില്ല. അതിനെ ചെറുക്കുക തന്നെ ചെയ്യും. ഇത് വരെ കേരളത്തിൽ മാധ്യമ സ്ഥാപനത്തിന്റെ അകത്തു കയറി അതിക്രമം നടന്നിട്ടില്ല. 34 കൊല്ലം ബംഗാളിൽ ചെയ്തു തന്നെയാണ് ഇപ്പോൾ കേരളത്തിലും ചെയ്യുന്നത്. ബംഗാൾ റൂട്ടിലേക്കാണ് പിണറായി വിജയന്റെ ഭരണം പോകുന്നത്. പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ സിപിഎം മുഖ്യമന്ത്രിയാകുമെന്നും വിഷ്ണനാഥ് സഭയില്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസുകളിലെ പരിശോധനയും അതിക്രമവും സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം, സഭ ബഹിഷ്കരിച്ചു