തൃശൂര്‍: തൃശൂര്‍ കുന്നംകുളത്തിന് സമീപം പഴഞ്ഞി എംഡി കോളജിലെ എസ്എഫ്ഐ പ്രവർത്തകരെ പുറത്ത് നിന്നെത്തിയ എസ്എഫ്ഐക്കാർ മർദിച്ചു. പരിക്കേറ്റ മൂന്ന് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം പഴഞ്ഞി എംഡി കോളജിലെ എസ്എഫ്ഐ നേതാവിന് കോളജില്‍ വെച്ച് കഴിഞ്ഞ ദിവസം മർദനമേറ്റതാണ് പ്രശ്നങ്ങളുടെ തുടക്കം.

പൊലീസിന്റെ സാന്നിധ്യത്തിൽ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കിടയിലെ പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു. എന്നാല്‍ ക്യമ്പസിനകത്ത് വീണ്ടും വാക്കേറ്റമുണ്ടായി. ഇതിന്‍റെ തുടര്‍ച്ചയായാണ് പുറമെ നിന്നുള്ള എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളജിൽ കയറി തല്ലിയത്.

ചിറനെല്ലൂർ സ്വദേശി ഉബൈദ്, ചാവക്കാട് സ്വദേശി രാഹുൽ, പട്ടാമ്പി സ്വദേശി ഫൈസൽ എന്നിവരെ പരിക്കുകളോടെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവവുമായി ബന്ധപ്പെട്ട് 20 പേർക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു. സംഭവത്തിന് പിന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകരാണെന്ന് ബോധ്യപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്ന് സിപിഎം പ്രാദേശിക നേത്യത്വം വ്യക്തമാക്കി.