കോൺഗ്രസ്-ബിജെപി ബന്ധത്തിന്റെ നാണംകെട്ട അധ്യായങ്ങൾ മറച്ചുവെക്കാനാണ് വിദ്യാർഥികൾക്ക് നേരേ ആക്രമണം നടത്തിയതെന്ന് ബിനോയ് വിശ്വം ആരോപിച്ചു. ഇതാണോ സർക്കാരിന്റെ പൊലീസ് നയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഹോസ്റ്റലിൽ ചെന്നായ്ക്കളെപ്പോലെ ചാടിവീണ് കുരുന്ന് വിദ്യാർഥികളെ മർദിക്കാൻ ഉത്തരവിട്ടത് ആരാണ്.
തിരുവനന്തപുരം: സംഘർഷമുണ്ടായ തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ സിപിഐ നേതാക്കൾ സന്ദർശനം നടത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കെ. രാജൻ തുടങ്ങിയ നേതാക്കളാണ് വ്യാഴാഴ്ച രാവിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിലെത്തിയത്. എസ്എഫ്ഐ നേതാക്കളും വിദ്യാർഥികളും കഴിഞ്ഞദിവസമുണ്ടായ കാര്യങ്ങൾ സിപിഐ നേതാക്കളോട് വിവരിച്ചു.
കോൺഗ്രസ്-ബിജെപി ബന്ധത്തിന്റെ നാണംകെട്ട അധ്യായങ്ങൾ മറച്ചുവെക്കാനാണ് വിദ്യാർഥികൾക്ക് നേരേ ആക്രമണം നടത്തിയതെന്ന് ബിനോയ് വിശ്വം ആരോപിച്ചു. ഇതാണോ സർക്കാരിന്റെ പൊലീസ് നയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഹോസ്റ്റലിൽ ചെന്നായ്ക്കളെപ്പോലെ ചാടിവീണ് കുരുന്ന് വിദ്യാർഥികളെ മർദിക്കാൻ ഉത്തരവിട്ടത് ആരാണ്. ഇത് കേരളം പൊറുക്കാൻ പോകുന്നില്ല. ബിജെപിയുമായുള്ള രാഷ്ട്രീയബന്ധമടക്കം മുഖ്യമന്ത്രിക്ക് പലതും മറച്ചുവെക്കാനുണ്ടാകും. ബിജെപിക്കെതിരേയെന്ന് പറഞ്ഞാണ് യൂത്ത് കോൺഗ്രസ് പ്രകടനം നടത്തിയത്. പക്ഷേ, ബിജെപിക്കെതിരായ പ്രകടനത്തിന്റെ ഇരകളായത് എസ്എഫ്ഐ സഖാക്കളാണ്. ഈ കുട്ടികളെ ആക്രമിക്കാനുള്ള ഉദ്ദേശ്യത്തിന്റെ ഉറവിടം ആരായിരുന്നു. കോൺഗ്രസ്-ബിജെപി ബന്ധത്തിന്റെ കേരളത്തിലെ നാണംകെട്ട അധ്യായങ്ങൾ മറച്ചുവെക്കാനും അത് ഗതിമാറ്റി വിടാനുമാണ് ഈ ആക്രമണം. ഇനി കള്ളക്കഥകളൊന്നും ഉണ്ടാക്കാൻ നോക്കേണ്ട. കുഞ്ഞുങ്ങളെ ആക്രമിക്കാൻ ഇടതുപക്ഷം അനുവദിക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഈ പ്രശ്നത്തിൽ എസ്എഫ്ഐ ഒറ്റക്കല്ലെന്ന് സിപിഐ നേതാവ് കെ. രാജനും പ്രതികരിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിദ്യാർഥികൾക്ക് നേരേ പന്തം എറിഞ്ഞത്. യൂത്ത് കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റ് കല്ലെറിയുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് കാണിച്ചില്ലേ. പൊലീസ് നിഷ്ക്രിയമായിരുന്നു. സംഭവത്തിൽ കന്റോൺമെന്റ് സിഐയെയും എസ്ഐയെയും മാറ്റിനിർത്തി അന്വേഷണം നടത്തണം. അല്ലെങ്കിൽ സഭ നടത്തിക്കൊണ്ടുപോകാമെന്ന് സർക്കാർ വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.



