തിരുവനന്തപുരത്ത് എസ്എഫ്ഐ-പൊലീസ് സംഘർഷവും രാഷ്ട്രീയപ്പോരും തുടരുകയാണ്. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം: തലസ്ഥാനത്തെ സംഘർഷങ്ങൾക്ക് അയവ് വന്നെങ്കിലും രാഷ്ട്രീയപ്പോർ വിളിയും പ്രതിഷേധമാർച്ചുകളും തുടരുകയാണ്. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പൊലീസ് നടപടിക്ക് നേതൃത്വം നൽകിയ കൻറോൺമെൻറ് എസ്എച്ചഒ സതീഷ് കുമാറിൻറെ വീട്ടിലേക്ക് ഡിവൈഎഫ് ഐ മാർച്ച് നടത്തി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എംഎ നന്ദൻ്റെ വീട്ടിൽ സതീഷ് കുമാറിൻറെ നേതൃത്വത്തിൽ പരിശോധന നടത്തി.
കൻ്റോൺമെൻറ് സിഐ സതീഷ്കുമാറിന്റെ കാട്ടാക്കടയിലെ വീട്ടിലേക്കായിരുന്നു ഡിവൈഎഫ്ഐയുടെ മാർച്ച്. എസ്എച്ച്ഒക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളികൾ ഉയർന്നു. ഇന്നലെ എസ്ഐ ജി ഗോകുലിൻറെ വീട്ടിലേക്കും മാർച്ച് നടത്തിയിരുന്നു. പൊലീസും വിടാൻ ഒരുക്കമല്ല. എസ്എച്ച്ഒ സതീഷ് കുമാറിൻറെ നേതൃത്വത്തിലായിരുന്നു എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദൻ്റെ വീട്ടിൽ പരിശോധന. നന്ദൻ വീട്ടിലുണ്ടായിരുന്നില്ല. സിപിഎം പ്രവർത്തകരെത്തി പരിശോധന തടസ്സപ്പെടുത്തി. വീട്ടിലേക്ക് മാർച്ച് നടത്തിയാൽ ഓഫീസിൽ കയറി പിടിക്കുമെന്നായിരുന്നു എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഗോകുൽ ഭീഷണിപ്പെടുത്തിയത്.
ഇതിനിടെ സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച രണ്ട് എസ്എഫ്ഐ പ്രവർത്തകരെയും ഐഎൻടിയുസി കൊടി നശിപ്പിച്ച എസ്എഫ്ഐ പ്രവർത്തകനെയും ഇന്ന് പുലർച്ചെ പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന സെക്രട്ടറിയേറ്റ് മാർച്ചിനിടെയാണ് പൊലിസിനെ ആക്രമിച്ചത്. ശ്രീജിത്ത്, ആദർശ്, അരുണ്‍ എന്നിവരെയാണ് വാഹനം തടഞ്ഞ് പൂജപ്പുരയിൽ നിന്നും പിടികൂടിയത്. പാളയം സംഘർഷത്തിൽ കോണ്‍ഗ്രസുകാരെയും യൂത്ത് കോണ്‍ഗ്രസുകാരെയും തൊടാതെ എസ്എഫ്ഐക്കാരെ മാത്രം അറസ്റ്റ് ചെയ്യുവെന്നാണ് സിപിഎം ആരോപണം. ഹോസ്റ്റലിൽ കയറി വിദ്യാർത്ഥികളെ തുടരെ അടിച്ച എസ്ഐ ജി ഗോകുലിനെതിരെ മറ്റൊരുവകുപ്പ് തല അന്വേഷണവും തുടങ്ങി. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിതു കൂടാതെയാണ് മറ്റൊരു അന്വേഷണം. എന്നാൽ ഗോകുലിനെതിരെ ഉടൻ നടപടിയുണ്ടാവില്ല. സ്വകാര്യ ആവശ്യത്തിന് ഈ മാസം 16 മുതൽ 30 ദിവസത്തേക്ക് എസ്ഐക്ക് അവധിയും അനുവദിച്ചു.
അറസ്റ്റിനെ ചൊല്ലി കോണ്‍ഗ്രസിലും കലാപം തുടങ്ങി. നെയ്യാറ്റികരയിൽ ബിജെപി നേതാവിനെ മർദ്ദിച്ച കേസിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തതിലാണ് പ്രതിഷേധം. ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് ബിജെപിയാണെന്ന ഡിസിസി ഭാരവാഹിയുടെ ശബ്ദരേഖയും പുറത്തുവന്നു. കോണ്‍ഗ്രസ് പ്രവർത്തകൻെറ വീട് ആക്രമിച്ച ബിജെപിക്കാരെ അറസ്റ്റ് ചെയ്യാത്തതിൽ നാളെ നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫീസിലേക്ക് കോണ്‍ഗ്രസ് മാർച്ചിന് ആഹ്വാനം ചെയ്തു.



