പാലക്കാട്: വാളയാര്‍ ചെക്ക് പോസ്റ്റില്‍ കുടുങ്ങിക്കിടന്നവരെ സന്ദര്‍ശിച്ചതിന്‍റെ പേരില്‍ തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഷാഫി പറമ്പില്‍ എംഎല്‍എ.  സോഷ്യല്‍ മീഡയയില്‍ ഇടത് അനുകൂലികള്‍ പറയുന്നത് ഷാഫി പറമ്പില്‍ വാളയാറില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് മരണത്തിന്‍റെ വ്യാപാരി ആകുന്നു എന്നാണ്. മരണത്തിന്‍റെ വ്യാപാരി ആകാനല്ല വാളയാറില്‍ പോയത്, സര്‍ക്കാര്‍ കയ്യൊഴിഞ്ഞപ്പോള്‍, വാളയാറില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനാണെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി.

തനിക്ക് കൊവിഡ് ബാധിച്ചുവെന്നതടക്കം പ്രചാരണങ്ങളുണ്ടായി. ഒരു സിപിഎം എംഎല്‍എ അടക്കം തെറ്റായ കാര്യം പ്രചരിപ്പിച്ചു. കാലുമാറിയിട്ടാണെങ്കിലും എംഎല്‍എ ആയിട്ടിരിക്കുന്നവരടക്കം വ്യാജപ്രചാരണം നടത്തുകയാണ്. കൊവിഡ് കാലത്തും സങ്കുചിത രാഷ്ട്രീയം വച്ചു പുലര്‍ത്തുന്നവരാണ് സിപിഎമ്മുകാരാണെന്ന് മനസിലാക്കിത്തന്നതാണ് ഈ സംഭവങ്ങള്‍. 

വാളയാറില്‍ വന്നവരെല്ലാം കേരളത്തെ മരണത്തില്‍ മുക്കാന്‍ ആഗ്രഹിക്കുന്നവരല്ല. നമ്മുടെ നാടിനെ പ്രയാസപ്പെടുത്താതെ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ച് അന്യ നാടുകളില്‍ കാത്തിരുന്നവരാണ്. പാസിന് അപേക്ഷിച്ചതിലെ അപാകതകൊണ്ട് നാട്ടിലേക്കുള്ള പാസ് ഇവിടെ വന്നാലെങ്കിലും ലഭിക്കും എന്ന് കരുതി വാളയാറിയിലെത്തിയവരാണ്. ഇവിടെ എത്തി  പാസ് കിട്ടാതെ അവര്‍ വാളയാറില്‍ കുടുങ്ങി . മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് തന്‍റെ മണ്ഡലം അല്ലാഞ്ഞിട്ട് കൂടി അങ്ങോട്ട് പോയത്. രാവിലെ മുതല്‍ ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതം അനുഭവിച്ചവരുടെ പ്രശ്നത്തില്‍ നിയമപരമായി ഇടപെടുക മാത്രമാണ് ചെയ്തതെന്ന് ഷാഫി പറഞ്ഞു.

കോണ്‍ഗ്രസ് അവിടെ ഒരു പ്രതിഷേധവും സംഘടിപ്പിച്ചിട്ടില്ല. രണ്ട് മന്ത്രിമാരോട്, ഉദ്യോഗസ്ഥരോട്, ചീഫ് സെക്രട്ടറിയോട് പൊരിവെയിലത്ത് നില്‍ക്കുന്നവര്‍ക്ക് വേണ്ട സൗകര്യം ഒരുക്കണമന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്. സ്ത്രീകളും കുട്ടികളുമടക്കം മൂത്രമൊഴിക്കാന്‍ പോലും സൗകര്യങ്ങളില്ലാതെ കുടുങ്ങിക്കിടന്നവര്‍ക്ക് സഹായം എത്തിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചത്.

സൗങ്കേതിക പ്രശ്നത്തിന്‍റെ പേരില്‍, പാസിന്‍റെ പേരില്‍ അവരെ മടക്കി അയക്കാനൊരുങ്ങിയിട്ടും പ്രശ്നങ്ങളുണ്ടാക്കാതെയാണ് അവിടെ അവര്‍ നിന്നത്. തമിഴ്നാട് പൊലീസ് ആട്ടിയോടിച്ചിട്ടും അങ്ങോട്ടും ഇങ്ങോട്ടും ഇട്ടും തട്ടിയിട്ടും പ്രശ്നങ്ങളുണ്ടാക്കാതെ നിന്ന കേരളത്തിലെ വോട്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ഒരു സൗകര്യം ഒരുക്കിയില്ല

പാസില്ലാതെ ഒരാളെയും കടത്തിവിടണമെന്ന് താന്‍ പറഞ്ഞിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ തെളിവ് കൊണ്ടുവരട്ടേ. വ്യാജ ഫോട്ടോഷോപ്പ് അല്ലാതെ വസ്തുതയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ തയ്യാറാകണമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. വിമര്‍ശിക്കുമ്പോള്‍, തെറ്റ് ചൂണ്ടിക്കാട്ടുമ്പോള്‍ എങ്ങിനെയാണ് ജനപ്രതിനിധികള്‍ നാടിന്‍റെ ശത്രുക്കളാകുന്നത്. ഞാന്‍ ക്വാറന്റൈനിലല്ല. ക്വാറന്‍റൈനില്‍ പോകേണ്ട ആവശ്യമുണ്ടെങ്കില്‍ പോവുക തന്നെ ചെയ്യും. എന്നാല്‍ അത് തീരുമാനിക്കേണ്ടത് സിപിഎമ്മിന്‍റെ ബ്രാഞ്ച് സെക്രട്ടറി അല്ലെന്നും ഷാഫി പറമ്പില്‍ പറയുന്നു.