Asianet News MalayalamAsianet News Malayalam

ഷഹലയുടെ മരണം: മാധ്യമങ്ങളോട് പ്രതികരിച്ച വിദ്യാര്‍ത്ഥിനിക്കും അച്ഛനും നാട്ടുകാരുടെ ഭീഷണി

  • ബാലാവകാശ കമ്മീഷനിൽ വിദ്യാർഥികൾ മൊഴി നൽകിയ സാഹചര്യത്തിലാണ് ഭീഷണി
  • വിസ്മയയുടെ അച്ഛൻ രാജേഷാണ് ഇത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചത്
shahala sherin death locals threaten friend vismaya father
Author
Sulthan Bathery, First Published Nov 24, 2019, 10:54 AM IST

സുൽത്താൻബത്തേരി: ബത്തേരി സ‍ര്‍വജന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച സഹപാഠികൾക്കും രക്ഷിതാക്കൾക്കും ഭീഷണി. നാട്ടുകാരിൽ ചില‍ര്‍ തന്നെയാണ് ഇവരെ ഭീഷണിപ്പെടുത്തിയത്. അച്ഛനെ അപായപ്പെടുത്തുമോയെന്ന് പേടിയുണ്ടെന്ന് ഷഹലയുടെ കൂട്ടുകാരി വിസ്മയയും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

വിസ്മയയുടെ അച്ഛൻ രാജേഷാണ് ഇത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചത്. സ്കൂളിനെ തക‍ര്‍ക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഭീഷണിപ്പെടുത്തിയവര്‍ ആരോപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഷഹലയുടെ മരണത്തെ തുട‍ര്‍ന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യപ്രതികരണം നടത്തിയത് സഹപാഠികളും കൂട്ടുകാരികളുമായിരുന്നു.

ബാലാവകാശ കമ്മീഷനിൽ വിദ്യാർഥികൾ മൊഴി നൽകിയ സാഹചര്യത്തിലാണ് ഭീഷണി. "മക്കളെ ഓരോന്ന് പറഞ്ഞ് പഠിപ്പിച്ച് സ്കൂളിനെ തക‍ര്‍ക്കാനാണ് ശ്രമമെങ്കിൽ, ചാനലുകാര്‍ ഇന്നല്ലെങ്കിൽ നാളെയങ്ങ് പോകും, നിങ്ങൾ അനുഭവിക്കും," എന്നാണ് രാജേഷിനെ ഭീഷണിപ്പെടുത്തിയത്. ശഹലയുടെ കുടുംബത്തിന് വേണ്ടി ഇനിയും പ്രതികരിക്കുമെന്നും രാജേഷ് പറഞ്ഞു.

എന്നാൽ താൻ പറഞ്ഞുകൊടുത്തിട്ടല്ല മകൾ മാധ്യമങ്ങളോട് സംസാരിച്ചതെന്ന് പറഞ്ഞ രാജേഷ്, മകളെ കുറിച്ച് അഭിമാനമേയുള്ളൂ എന്നും പറഞ്ഞു. കൂട്ടുകാരി മരിച്ചപ്പോൾ സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത് ആരും പറഞ്ഞുതന്നിട്ടല്ലെന്ന് വിസ്മയയും പറഞ്ഞു.

അതേസമയം സർവജന സ്‌കൂളിൽ അദ്ധ്യയനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇന്നുണ്ടാകും. വൈകീട്ട് 5 മണിക്ക് ബത്തേരി നഗരസഭ സർവകക്ഷി യോഗം ചേരും. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

Follow Us:
Download App:
  • android
  • ios