ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പ്, ഐടി നിയമത്തിലെ 120ാം വകുപ്പ്, കേരളാ പൊലീസ് ചട്ടങ്ങളും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം.

തിരുവനന്തപുരം: ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയ അറസ്റ്റിലായ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഷാജനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി, അപകീർത്തികരമായ വാർത്ത നൽകിയെന്ന മാഹി സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ്. കേസിൽ ജാമ്യാമില്ലാ വകുപ്പുകളടക്കം ചുമത്തിയിട്ടുണ്ട്. തനിക്കെതിരെ വീഡിയോയിലൂടെ ലൈംഗികാധിക്ഷേപം നടത്തിയെന്നും അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചെന്നുമാണ് യുവതി പരാതി നൽകിയത്. ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പ്, ഐടി നിയമത്തിലെ 120ാം വകുപ്പ്, കേരളാ പൊലീസ് ചട്ടങ്ങളും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം.

അതേസമയം ഷാജൻ സ്കറിയയുടെ അറസ്റ്റിന് പിന്നാലെ പൊലീസിനെതിരെ ആരോപണവുമായി മറുനാടൻ ചാനൽ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നിടത്ത് കാരണം പോലും പറയാത പിടികൂടി കൊണ്ടുപോയെന്നാണ് മറുനാടൻ ചാനൽ പ്രവർത്തകർ പറയുന്നത്.

നേരത്തെ കുടപ്പനക്കുന്നിലെ വീട്ടിൽ നിന്നാണ് പൊലീസ് ഷാജനെ കസ്റ്റഡിയിൽ എടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനാൽ തന്നെ ഇന്ന് ഷാജന് ജാമ്യം ലഭിക്കില്ല. നാളെ കോടതിയിൽ ഹാജരാക്കുമ്പോൾ മാത്രമേ ജാമ്യത്തിന് അപേക്ഷിക്കാൻ സാധിക്കു എന്നാണ് വ്യക്തമാകുന്നത്.

ഷാജൻ സ്കറിയയുടെ പ്രതികരണം

ഷർട്ടിടാതെയാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും അച്ഛനും അമ്മയ്ക്കും ഒപ്പം ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും തനിക്കെതിരായ കേസെന്തെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്നും ഷാജൻ സ്കറിയ പ്രതികരിച്ചു. പിണറായിസം തുലയട്ടെയെന്ന് മുദ്രാവാക്യം മുഴക്കിയ അദ്ദേഹം ജനാധിപത്യം സംരക്ഷിക്കാനാണ് താൻ ജയിലിലേക്ക് പോകുന്നതെന്നും തനിക്കെതിരെ ചുമത്തിയതെല്ലാം കള്ളക്കേസെന്നും പറ‌ഞ്ഞു. ഒരു കേസിലും താൻ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'പ്രായമായ അപ്പൻ്റെയും അമ്മയുടെയും മുന്നിൽ നിന്ന് തന്നെ പിടിച്ചുകൊണ്ടുവന്നു. കേസെന്തെന്ന് തന്നോട് പറഞ്ഞിട്ടില്ല. മകൾക്ക് വേണ്ടി അഴിമതി നടത്തുന്ന മുഖ്യമന്ത്രിക്കെതിരെ അവസാനം വരെ നിലകൊള്ളും. പിണറായിസം തുലയട്ടെ. ഷർട്ടിടാൻ പൊലീസ് അനുവദിച്ചില്ല. കേസിൻ്റെ വിവരങ്ങൾ പൊലീസ് സ്റ്റേഷനിലെത്തിയ ശേഷം പറയാമെന്ന് പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാൻ ജയിലിലേക്ക് പോകുന്നു'- എന്നും ഷാജൻ പ്രതികരിച്ചു. തനിക്കെതിരെ തുടർച്ചയായി കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യുന്നുവെന്നാണ് ഷാജൻ സ്കറിയ ആരോപിക്കുന്നത്. 2024 ഡിസംബർ 23 ന് മറുനാടൻ മലയാളിയുടെ ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി മാഹി സ്വദേശിയായ യുവതിയെ ഹണി ട്രാപ്പിലൂടെ ലൈംഗിക വാഗ്ദാനം നൽകി പണം തട്ടുന്നുവെന്ന് അധിക്ഷേപിച്ച സംഭവത്തിലാണ് കേസ്. മാഹി സ്വദേശിയായ യുവതി ഈ വീഡിയോയിലൂടെ തന്നെ സമൂഹത്തിന് മുന്നിലും കുടുംബത്തിന് മുന്നിലും മോശം സ്ത്രീയായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി നൽകിയത്. യുഎഇയിൽ പ്രമുഖ ബാങ്കിലെ ജീവനക്കാരിയാണ് താനെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് ഇപ്പോൾ പൊലീസ് നടപടിയെടുത്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം